രണ്ടു ദിവസം രഹസ്യ താവളത്തില്‍ കഴിഞ്ഞു ; ബദാവുന്‍ കൂട്ടബലാല്‍സംഗക്കേസിലെ പ്രതിയായ പൂജാരിയെ നാട്ടുകാര്‍ പിടികൂടി, പൊലീസിന് കൈമാറി ( വീഡിയോ)

കേസില്‍ സത്യനാരായണിന്റെ കൂട്ടാളികളായ രണ്ടുപേരെ പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു
ബാബ സത്യനാരായണന്‍, പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടു പോകുന്നു / ട്വിറ്റര്‍ ചിത്രം
ബാബ സത്യനാരായണന്‍, പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടു പോകുന്നു / ട്വിറ്റര്‍ ചിത്രം

ലഖ്‌നൗ : ഉത്തര്‍പ്രദേശിനെ നടുക്കിയ ബദാവുന്‍ കൂട്ടബലാല്‍സംഗക്കേസിലെ മുഖ്യപ്രതിയായ പൂജാരി അറസ്റ്റിലായി. ക്ഷേത്രപൂജാരിയായ ബാബ സത്യനാരായണ്‍ ആണ് അറസ്റ്റിലായത്. അങ്കണവാടി ജീവനക്കാരിയെ കൂട്ടബലാല്‍സംഗം ചെയ്ത്, ക്രൂരമായി പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. 

ഇയാള്‍ക്കു വേണ്ടി പൊലീസ് പ്രത്യേക ടീമുകള്‍ രൂപീകരിച്ച് സംസ്ഥാനമൊട്ടാകെ തിരച്ചില്‍ നടത്തിവരികയായിരുന്നു. എന്നാല്‍ സ്വന്തം ഗ്രാമത്തിലെ അനുയായിയുടെ വീട്ടില്‍ ഇയാള്‍ രഹസ്യമായി ഒളിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ രാത്രിയില്‍ നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇയാളെ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് പൊലീസ് 50,000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.  കേസില്‍ സത്യനാരായണിന്റെ കൂട്ടാളികളായ രണ്ടുപേരെ പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഞായറാഴ്ചയാണ് 50 വയസ്സുകാരിയായ അങ്കണവാടി ജീവനക്കാരി അതിദാരുണമായി കൊല്ലപ്പെട്ടത്. ക്ഷേത്രദര്‍ശനത്തിന് പോയ സ്ത്രീ വീട്ടില്‍ മടങ്ങിയെത്തിയില്ല. 

തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചെങ്കിലും സ്ത്രീയെ കണ്ടെത്താനായില്ല. രാത്രിയോടെ സ്ത്രീയുടെ മൃതദേഹം വീടിന് സമീപം കൊണ്ടിടുകയായിരുന്നു. സ്ത്രീയെ കൂട്ടബലാല്‍സംഗം ചെയ്തതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. രഹസ്യഭാഗത്ത് മുറിവും കാലുകള്‍ ഒടിഞ്ഞ നിലയിലുമാണ് മൃതദേഹം കാണപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com