ബ്രിട്ടനില്‍ നിന്നുള്ള യാത്രാവിലക്ക് നീക്കി; ഇന്ത്യയില്‍ എത്തുന്ന യാത്രക്കാര്‍ക്ക് കര്‍ശന മാര്‍ഗനിര്‍ദേശം

അതിതീവ്ര വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ച ബ്രിട്ടനില്‍ നിന്നുളള വിമാന സര്‍വീസുകള്‍ ഇന്നുമുതല്‍ പുനരാരംഭിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: അതിതീവ്ര വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ച ബ്രിട്ടനില്‍ നിന്നുളള വിമാന സര്‍വീസുകള്‍ ഇന്നുമുതല്‍ പുനരാരംഭിക്കും. ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിനെ കണ്ടെത്തിയ പശ്ചാത്തലത്തില്‍ ബ്രിട്ടനില്‍ നിന്നുള്ള വിമാന സര്‍വീസുകളുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജനുവരി എട്ടുമുതല്‍ 31 വരെ ബ്രിട്ടനില്‍ നിന്ന് ഇന്ത്യയില്‍ എത്തുന്ന യാത്രക്കാര്‍ ആര്‍ടി- പിസിആര്‍ ടെസ്റ്റിന് നിര്‍ബന്ധമായി വിധേയരാകണമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ബ്രിട്ടനില്‍ അതിതീവ്ര വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡിസംബര്‍  23നാണ് ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. രണ്ടാഴ്ചത്തെ വിലക്ക് അവസാനിപ്പിച്ചാണ് സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. ഇന്ത്യയില്‍ എത്തുന്ന യാത്രക്കാര്‍ കഴിഞ്ഞ 14 ദിവസത്തെ യാത്രാ പശ്ചാത്തലം വെളിപ്പെടുത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. 

ജനുവരി 23 വരെ പരിമിതമായ തോതില്‍ മാത്രമാണ് ഇരുരാജ്യങ്ങള്‍ക്കിടയില്‍ സര്‍വീസ് നടത്തുകയെന്ന്് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു.എന്നാല്‍ നാട്ടില്‍ തിരിച്ചെത്തുന്നവര്‍ മാര്‍ഗനിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അതേസമയം നിലവിലെ പശ്ചാത്തലത്തില്‍ യാത്രാവിലക്ക് ജനുവരി 31 വരെ നീട്ടണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ആവശ്യപ്പെട്ടു. 

അതിനിടെ, കഴിഞ്ഞദിവസം ഡല്‍ഹിയിലെ ഇന്ദിരഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരുമായി എയര്‍ഇന്ത്യ വിമാനം  ബ്രിട്ടനിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 252 യാത്രക്കാരാണ് വിമാനത്തിലുള്ളത്. മുംബൈയില്‍ നിന്നും സമാനമായ നിലയില്‍ യാത്രക്കാരുമായി ബ്രിട്ടനിലേക്ക് സര്‍വീസ് നടത്തിയിട്ടുണ്ട്. ഏകദേശം 491 പേരാണ് ബ്രിട്ടനിലേക്ക് പോയത്. ഇന്ന് യാത്രക്കാരുമായി ബ്രിട്ടനില്‍ നിന്ന് എയര്‍ഇന്ത്യ വിമാനം ഇന്ത്യയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com