കാറിന്റെ കീ എടുക്കാതെ ഭര്‍ത്താവ് സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ പോയി; കാത്തിരുന്ന യുവതിയുമായി മോഷ്ടാക്കള്‍ കാര്‍ കടത്തി, ഭാര്യയെ റോഡില്‍ തള്ളിയിട്ടു
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th January 2021 12:13 PM |
Last Updated: 08th January 2021 12:13 PM | A+A A- |

ഫയല്‍ ചിത്രം
ചണ്ഡീഗഡ്: പഞ്ചാബില്‍ ഭര്‍ത്താവിനായി കാത്തിരുന്ന യുവതിയുമായി മോഷ്ടാക്കള്‍ കാര്‍ കടത്തിക്കൊണ്ടുപോയി. ഭര്‍ത്താവ് കാറിന്റെ കീ എടുക്കാതെയാണ് പുറത്തുപോയത്. ഈസമയത്ത് കാറില്‍ അതിക്രമിച്ച് കയറിയ മോഷ്ടാക്കള്‍ യുവതിയുമായി കടന്നുകളയുകയായിരുന്നു.
വ്യാഴാഴ്ച ദേര ബാസ്സി സുഖ്മാനി സ്‌കൂളിന് മുന്‍പില്‍ വച്ചാണ് സംഭവം. രാജീവ് ചന്ദ് ഭാര്യ റിതുവിനൊപ്പമാണ് കാര്‍ ഓടിച്ച് സ്‌കൂളില്‍ എത്തിയത്. സ്‌കൂളില്‍ കുട്ടികളുടെ ഫീസ് അടയ്ക്കുന്നതിന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് എത്തിയത്. കാറിന്റെ കീ എടുക്കാതെ രാജീവ് ചന്ദ് സ്‌കൂളിലേക്ക് പോയ സമയത്താണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു.
റിതു കാറില്‍ ഭര്‍ത്താവിനായി കാത്തിരിക്കുകയായിരുന്നു. ഈസമയത്ത് രണ്ടുപേര്‍ കാറില്‍ അതിക്രമിച്ചു കയറി. ഒരാള്‍ ഡ്രൈവറിന്റെ സീറ്റില്‍ ഇരുന്നു. രണ്ടാമത്തെയാള്‍ പിന്നിലെ സീറ്റില്‍ റിതുവിന്റെ അരികിലാണ് ഇരുന്നത്. തുടര്‍ന്ന് റിതുവിന്റെ വായ് മൂടിയ ശേഷം കാര്‍ ഓടിച്ചു കടന്നു കളഞ്ഞു എന്ന് പൊലീസ് പറയുന്നു.
അഞ്ചു കിലോമീറ്റര്‍ അകലെ വച്ച് റിതുവിനെ റോഡില്‍ തള്ളിയിട്ട ശേഷം വാഹനവുമായി ദേര ബാസി ലക്ഷ്യമാക്കി കടന്നു കളഞ്ഞതായി പൊലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു. അംബാല ടോള്‍ പ്ലാസയ്ക്ക് സമീപത്ത് വച്ചാണ് റിതുവിനെ റോഡില്‍ തള്ളിയിട്ടത്.ടോള്‍ പ്ലാസയിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.