യുപിയില്‍ തോക്കിന്‍ മുനയില്‍ 19കാരിയെ ബലാത്സംഗം ചെയ്തു; ടെറസില്‍ നിന്ന് വലിച്ചെറിഞ്ഞു, ഗുരുതരാവസ്ഥയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th January 2021 11:18 AM |
Last Updated: 08th January 2021 11:18 AM | A+A A- |
പ്രതീകാത്മക ചിത്രം
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബലാത്സംഗത്തിന് ഇരയായ 19കാരിയെ വീടിന്റെ മുകളില്‍ നിന്ന് തള്ളി താഴെയിട്ടു. ഗുരുതരമായി പരിക്കേറ്റ 19കാരി ആശുപത്രിയില്‍ ജീവന് വേണ്ടി മല്ലിടുന്നതായി പൊലീസ് പറയുന്നു.
മൊറാദാബാദിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. അരവിന്ദ് സിങ് എന്ന യുവാവ് കഴിഞ്ഞദിവസം രാത്രിയില്‍ മകളുടെ മുറിയില്‍ ഒളിച്ചു കടന്നതായി 19കാരിയുടെ അച്ഛന്‍ പറയുന്നു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ യുവാവ് , വീടിന്റെ ടെറസിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോയി. തുടര്‍ന്ന് ബലാത്സംഗത്തിന് ഇരയാക്കിയതായി പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ പറയുന്നു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ, 19കാരിയെ ടെറസില്‍ നിന്ന് താഴേക്ക് തള്ളിയിട്ടതായി അച്ഛന്‍ പറയുന്നു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ പൊലീസ് പിടികൂടി.
പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ വീട്ടുകാര്‍, 19കാരി തറയില്‍ വീണു കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. വീഴ്ചയില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതായി പൊലീസ് പറയുന്നു. നിലവില്‍ വിദഗ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ മീററ്റിലെ ലാലാ ലജ്പത് റായി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് .പ്രതിക്കെതിരെ ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ അനുസരിച്ച് കേസെടുത്തതായി പൊലീസ് പറഞ്ഞു.