ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ശീലമാക്കണം; കര്‍ണാടക മന്ത്രി
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th January 2021 09:48 PM |
Last Updated: 08th January 2021 09:48 PM | A+A A- |

പ്രതീകാത്മക ചിത്രം
ബംഗളൂരു: പശു സംരക്ഷണത്തിന്റെ ഭാഗമായി ഗോമൂത്രവും ചാണകവും ഉപയോഗിച്ച നിർമ്മിച്ച ഉത്പന്നങ്ങൾ ഉപയോഗിക്കാൻ ശീലിക്കണമെന്ന്
കർണാടക മൃഗസംരക്ഷണ-ഹജ്ജ് വഖഫ് മന്ത്രി പ്രഭു ചൗഹാൻ. സംസ്ഥാനത്ത് ഗോവധ നിരോധന-കന്നുകാലി സംരക്ഷണ നിയമം ഓർഡിനൻസിലൂടെ പ്രാബല്യത്തിൽ വന്നതിന് പിന്നാലെയാണ് വകുപ്പ് മന്ത്രിയുടെ പ്രതികരണം
ഗോമൂത്രം, ചാണകത്തിരികൾ, നെയ്യ്, പഞ്ചഗവ്യ മരുന്നുകൾ, ചാണകസോപ്പ്, ഷാമ്പൂ, ത്വഗ്ലേപനം തുടങ്ങി വിവിധ ഉൽപന്നങ്ങൾ വിപണിയിൽ ലഭ്യമാണെന്നും ഇവ ജനങ്ങൾ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗോമൂത്രം, ചാണകം, പാൽ, തൈര്, നെയ്യ് എന്നിവ ചേർത്ത പഞ്ചഗവ്യം സ്ഥിരമായി ഉപയോഗിക്കുന്നത് ശരീരത്തിലെ വിഷാംശം കളയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ജനങ്ങൾക്കിടയിൽ ബോധവത്കരണത്തിനായി ഇത്തരം ഉപോൽപന്നങ്ങൾ സംബന്ധിച്ച് കാര്യമായ ഗവേഷണത്തിന് സർക്കാർ മുൻകൈയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഉപേക്ഷിക്കപ്പെടുന്ന പശുക്കളുടെ മേൽനോട്ടം വഹിക്കാൻ തയാറുള്ളവർ സർക്കാറിന് സഹായകരമായി മുന്നോട്ടുവരണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
സംസ്ഥാനത്ത് പശു, പശുക്കിടാവ്, കാള, 13 വയസ്സിൽ താഴെയുള്ള പോത്ത് എന്നിവയെ അറുക്കുന്നതിനും വിൽക്കുന്നതിനുമാണ് നിരോധനം ഏർപ്പെടുത്തിയത്. 13 വയസ്സിന് മുകളിലുള്ള പോത്തുകളെ വെറ്ററിനറി ഓഫിസറുടെയോ അധികാരികളുടെയോ അനുമതിയോടെ അറുക്കാൻ അനുമതിയുണ്ട്. നിയമം ലംഘിക്കുന്നവർക്ക് മൂന്നു മുതൽ ഏഴു വർഷം വരെ തടവും അരലക്ഷം മുതൽ 10 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ.