മകന്റെ പ്രണയവിവാഹം രഹസ്യമായി നടത്തിക്കൊടുത്തു; അമ്മയെ കാമുകിയുടെ അച്ഛന്‍ വെട്ടിക്കൊന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th January 2021 10:19 AM |
Last Updated: 08th January 2021 10:19 AM | A+A A- |

പ്രതീകാത്മക ചിത്രം
റായ്പുര്‍: ഛത്തീസ്ഗഡില്‍ മകന്റെ പ്രണയവിവാഹം നടത്തിക്കൊടുത്ത സ്ത്രീയെ വധുവിന്റെ അച്ഛന്‍ കൊലപ്പെടുത്തി. മകളുടെ കല്യാണം നടത്തിയത് യുവാവിന്റെ അമ്മയാണ് എന്ന് അറിഞ്ഞ് വീട്ടില്‍ എത്തിയ അച്ഛന്‍ മഴു കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ജഗ്ദല്‍പൂര്‍ ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. സോണി ഭായ് ഭാഗലാണ് കൊലപ്പെട്ടത്.സോണ്‍ സിങ് യാദവാണ് പ്രതി. കൊല്ലപ്പെട്ട സ്ത്രീ വിധവയാണ്. കഴുത്തിനും തലയ്ക്കും മുഖത്തുമാണ് വെട്ടേറ്റതെന്ന് പൊലീസ് പറയുന്നു.
കുട്ടികള്‍ അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ എന്ന് പറഞ്ഞ് യാദവിനെ വിശ്വാസത്തിലെടുക്കാന്‍ ശ്രമിക്കുന്നതിനിടയാണ് പ്രകോപനം. മറ്റൊരു സമുദായത്തില്‍പ്പെട്ട യുവാവുമായി ഒളിച്ചോടി കല്യാണം കഴിച്ചാല്‍ തന്റെ അഭിമാനത്തിന് ക്ഷതമേല്‍ക്കും എന്ന് പറഞ്ഞു കൊണ്ടാണ് യാദവ് കൃത്യം നിര്‍വഹിച്ചതെന്ന് പൊലീസ് പറയുന്നു.
യാദവിന്റെ മകളുമായി സോണിയുടെ മകന്‍ പ്രണയത്തിലായിരുന്നു. കാമുകിക്ക് 18 തികഞാല്‍ ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. കല്യാണത്തിന് സമ്മതിക്കില്ല എന്ന് ഭയന്ന് ഇരുവരും രഹസ്യമായി വിവാഹം കഴിക്കാന്‍ ആലോചിച്ചു. എന്നാല്‍ യുവാവ് അമ്മയോട് കല്യാണ കാര്യം പറഞ്ഞിരുന്നു. അമ്മയാണ് ഇരുവരുടെയും കല്യാണം നടത്തി കൊടുത്തത്. തുടര്‍ന്ന് ഇരുവരും ഗ്രാമം വിട്ടുപോയതായി പൊലീസ് പറയുന്നു.
അതേസമയം മകളെ തെരയാന്‍ യാദവ് തുടങ്ങി. അന്വേഷണത്തില്‍ മകള്‍ ലളിതിനെ വിവാഹം ചെയ്തതായി അറിഞ്ഞു. ഇതില്‍ കുപിതനായ യാദവ് ലളിതിന്റെ വീട്ടില്‍ എത്തി അമ്മയെ ആക്രമിക്കുകയായിരുന്നു. മദ്യപിച്ചാണ് യാദവ് വീട്ടില്‍ എത്തിയത്. കരച്ചില്‍ കേട്ട് സോണിയുടെ പെണ്‍മക്കള്‍ ഓടിയെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല എന്ന് പൊലീസ് പറയുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ യാദവിനായി തെരച്ചില്‍ തുടരുന്നതായി പൊലീസ് അറിയിച്ചു.