കോവിഡ് വാക്‌സിന്‍ വിതരണം 16 മുതല്‍; ആദ്യം നൽകുന്നത് മൂന്ന് കോടി പേർക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th January 2021 04:44 PM |
Last Updated: 09th January 2021 04:44 PM | A+A A- |
പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം ഈ മാസം 16 മുതല്‍ ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ 3 കോടി പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. ഒന്നാം ഘട്ടത്തില്‍ മൊത്തം 30 കോടി പേര്‍ക്കാണ് വാക്‌സിന് നല്‍കാന്‍ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണിപ്പോരാളികളായ മറ്റ് വിഭാഗക്കാര്‍ക്കുമാണ് നല്‍കുന്നത്. മൂന്ന് കോടിയോളം വരുന്ന ഇവര്‍ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കുക.
തുടര്‍ന്ന് 50 വയസിന് മുകളിലുള്ളവര്‍ക്കും 50 വയസിന് താഴെ രോഗാവസ്ഥയുള്ളവര്‍ക്കുമാണ് രണ്ടാം ഘട്ടത്തില്‍ നല്‍കുന്നത്. ഏതാണ്ട് 27 കോടിയോളം പേര്‍ക്കാണ് ഇത്തരത്തില്‍ വാക്‌സിന്‍ നല്‍കുകയെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് നിര്‍ണായക തീരുമാനം. കാബിനെറ്റ്, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, ആരോഗ്യ സെക്രട്ടറി മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.