തമിഴ്‌നാട് തിരുത്തിയതിനു പിന്നാലെ മമത; തീയറ്ററില്‍ മുഴുവന്‍ സീറ്റിലും ആളെ കയറ്റും; പ്രഖ്യാപനം
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th January 2021 11:54 AM |
Last Updated: 09th January 2021 11:54 AM | A+A A- |

മമത ബാനര്‍ജി/ഫയല്‍
കൊല്‍ക്കത്ത: ബംഗാളില്‍ സിനിമാ തീയറ്ററുകളില്‍ മുഴുവന്‍ സീറ്റിലും ആളെ പ്രവേശിപ്പിക്കാന്‍ തീരുമാനം. മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് പ്രഖ്യാപനം നടത്തിയത്. കോവിഡിനെതിരെ കര്‍ശനമായ ജാഗ്രത വേണമെന്ന് മമത പറഞ്ഞു.
കൊല്‍ക്കത്ത രാജ്യാന്തര ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മമതയുടെ പ്രഖ്യാപനം. കോവിഡ് മൂലം നിലവില്‍ തീയറ്ററുകളില്‍ പകുതി സീറ്റില്‍ മാത്രമാണ് ആളെ കയറ്റുന്നത്. ഇത് മുഴുവന്‍ സീറ്റിലുമാക്കി മാറ്റുകയാണെന്ന് മമത പറഞ്ഞു.
കഴിഞ്ഞ ദിവസം തമിഴ്‌നാട് സര്‍ക്കാര്‍ സമാനമായ തീരുമാനമെടുത്തിരുന്നു. ഇതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ രംഗത്തുവന്നതിനെത്തുടര്‍ന്ന് ഇന്നലെ തീരുമാനം പിന്‍വലിച്ച് ഉത്തരവിറക്കി. 50 ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിച്ചാല്‍ മതിയെന്നാണ് പുതിയ തീരുമാനം. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് ഷോകളുടെ എണ്ണം കൂട്ടാനും തീരുമാനമുണ്ട്.
മുഴുവന്‍ സീറ്റുകളിലും ആളുകളെ അനുവദിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കേന്ദ്രം രംഗത്തെത്തിയിരുന്നു. തീരുമാനം പിന്‍വലിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. ഇതേ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം തിരുത്തിയത്. 50 ശതമാനം ആളുകള്‍ക്ക് മാത്രമെ തീയറ്ററില്‍ പ്രവേശനം നല്‍കാവൂവെന്നും കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.