കാക്കകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍ ; ഡല്‍ഹിയും പക്ഷിപ്പനി ഭീതിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th January 2021 12:34 PM |
Last Updated: 09th January 2021 12:34 PM | A+A A- |
കാക്കകള്‍ ചത്ത നിലയില്‍ / എഎന്‍ഐ ചിത്രം
ന്യൂഡല്‍ഹി : കോവിഡ് വ്യാപനത്തിന് പിന്നാലെ ഡല്‍ഹി പക്ഷിപ്പനി ഭീതിയില്‍. ഡല്‍ഹി മയൂര്‍ വിഹാറില്‍ 35 കാക്കകളെ ചത്ത നിലയില്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ ചത്ത പക്ഷികളുടെ സാംപിള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.
പ്രദേശത്തെ പാര്‍ക്കിലാണ് കാക്കകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടുദിവസമായി കാക്കകള്‍ ചത്ത നിലയില്‍ രാവിലെ കാണുന്നുണ്ടെന്ന് പാര്‍ക്ക് ജീവനക്കാരന്‍ സൂചിപ്പിച്ചു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.
പക്ഷിപ്പനിയാണോ മരണകാരണമെന്ന് സ്ഥിരീകരിക്കാനായി കാക്കകളുടെ പോസ്റ്റ് മോര്‍ട്ടം നടത്തുമെന്ന് മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. രാജ്യത്ത് കേരളം, രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
കേരളത്തിലെ നാലു പ്രദേശം അടക്കം 12 കേന്ദ്രങ്ങളാണ് പക്ഷിപ്പനിയുടെ ഉറവിടങ്ങളെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.