ഹജ്ജ് തീർത്ഥാടനം: അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നാളെ
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th January 2021 08:19 AM |
Last Updated: 09th January 2021 08:19 AM | A+A A- |

ഫയല്‍ ചിത്രം
ന്യൂഡൽഹി: 2021ലെ ഹജ്ജിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നാളെ അവസാനിക്കും. അപേക്ഷകൾ ഡിസംബർ പത്തിന് മുമ്പ് നൽകണമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും പിന്നീട് ഇത് നീട്ടി. ജനുവരി 10 വരെ തീർത്ഥാടകർക്ക് അപേക്ഷ സമർപ്പിക്കാമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി അറിയിച്ചിരുന്നു.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹജ്ജ് തീർത്ഥാടനത്തിനുള്ള എംബാർക്കേഷൻ പോയിന്റുകൾ 10 ആയി കുറച്ചിട്ടുണ്ട്. അഹമ്മദാബാദ്, ബംഗളൂരു, കൊച്ചി, ഡൽഹി, ഗുവാഹത്തി, ഹൈദരാബാദ്, കൊൽക്കത്ത, ലക്‌നൗ, മുംബൈ, ശ്രീനഗർ എന്നിവയാണ് രാജ്യത്തെ എംബാർക്കേഷൻ പോയിന്റുകൾ. നേരത്തെ രാജ്യത്തൊട്ടാകെ 21 എംബാർക്കേഷൻ പോയിന്റുകൾ ഉണ്ടായിരുന്നു.
സൗദി അറേബ്യ ഗവൺമെന്റിൽ നിന്നുള്ള പ്രതികരണത്തെ തുടർന്ന് വിശദമായ ചർച്ചയ്ക്കുശേഷം, എംബാർക്കേഷൻ പോയിന്റുകൾ അടിസ്ഥാനമാക്കി ഹജ്ജ് തീർത്ഥാടനത്തിനുള്ള ചെലവും കുറച്ചിട്ടുണ്ട്. ഇതനുസരിച്ച് അഹമ്മദാബാദ്,മുംബൈ എന്നീ എംബാർക്കേഷൻ പോയിന്റിൽ നിന്നും 3,30,000 രൂപയും ബംഗളൂരു, ലഖ്നോ, ഡൽഹി,ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നും 3,50,000 രൂപയും, കൊച്ചി, ശ്രീനഗർ എന്നിവിടങ്ങളിൽ നിന്നും 3,60,000 രൂപയും, കൊൽക്കത്തയിൽ നിന്ന് 3,70,000 രൂപയും ഗുവാഹത്തിയിൽ നിന്ന് നാല് ലക്ഷം രൂപയുമാണ് ചെലവ് കണക്കാക്കുന്നത്.
കൊവിഡ് പശ്ചാത്തലത്തിൽ സൗദി അറേബ്യൻ ഗവൺമെന്റിന്റെയും ഇന്ത്യ ഗവൺമെന്റിന്റെയും മാർഗ്ഗ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചായിരിക്കും 2021 ജൂൺ-ജൂലൈ മാസങ്ങളിലായുള്ള തീർത്ഥാടന നടപടികൾ ക്രമീകരിക്കുക.