ബിരിയാണിയും ബദാമും കഴിച്ച് രസിക്കുന്നു, പക്ഷിപ്പനി പരത്തുന്നു; കർഷക സമരത്തിനെതിരെ ബിജെപി നേതാവ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th January 2021 12:24 PM |
Last Updated: 10th January 2021 12:24 PM | A+A A- |
കർഷക സമരം/ ഫയൽ ചിത്രം
ജയ്പുർ: കർഷകർ ബിരിയാണി തിന്ന് പക്ഷിപ്പനി പരത്തുന്നെന്ന് ആരോപിച്ച് ബിജെപി രാജസ്ഥാൻ എംഎൽഎ രംഗത്ത്. രാംഗഞ്ച് മണ്ഡി എംഎൽഎ മദൻ ദിൽവാറാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സമരക്കാർ ബിരിയാണി കഴിക്കാൻ തുടങ്ങിയത് മുതലാണ് രാജ്യവ്യാപകമായി പക്ഷിപ്പനി പടർന്നതെന്നാണ് എംഎൽഎയുടെ വാദം.
രാജ്യത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നവർ ഭീകരവാദികളും കവർച്ചക്കാരും മോഷ്ടാക്കളുമാകാമെന്നാണ് മദൻ ദിൽവാർ പറയുന്നത്. കാർഷിക പ്രക്ഷോഭം വിനോദയാത്ര മാത്രമാണെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. സമരക്കാർ രാജ്യത്തിന് പുതിയതായി ഒരു ചിന്തയും നൽകുന്നില്ലെന്നും ബിരിയാണിയും ബദാമും കഴിച്ച് എല്ലാം ആസ്വദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അവർ കർഷകരുടെ ശത്രുക്കളാണ്. അടുത്ത ദിവസങ്ങളിൽ അവരെ സർക്കാർ നീക്കം ചെയ്തില്ലെങ്കിൽ പക്ഷിപ്പനി മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ രാജ്യം അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് ദിൽവാർ പറയുന്നത്.