പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി വിറ്റു; എൻജിനീയറടക്കം രണ്ട് പേർ അറസ്റ്റിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th January 2021 01:29 PM |
Last Updated: 10th January 2021 01:29 PM | A+A A- |
പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ വിൽപന നടത്തിയ കേസിൽ എൻജിനീയറടക്കം രണ്ട് പേരെ സിബിഐ അറസ്റ്റ് ചെയ്തു. ഇത്തരം ഉള്ളടക്കമുള്ള ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും വിൽക്കുകയും ചെയ്തുവെന്നാണ് ഇരുവർക്കുമെതിരെയുള്ള കേസ്.
എൻജിനീയറായ നീരജ് കുമാർ യാദവ്, കുൽജീത് സിങ് മക്കാൻ എന്നിവരെയാണ് സിബിഐയുടെ പ്രത്യേക വിഭാഗം അറസ്റ്റ് ചെയ്തത്. ഇരുവരേയും കോടതി ഈ മാസം 22 വരെ റിമാൻഡ് ചെയ്തു.
വാട്‌സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റഫോമുകൾ വഴിയാണ് ഇവർ ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്. കുട്ടികളുടെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിക്കുകയും വിൽപന നടത്തുകയും ചെയ്തതായും സിബിഐ കണ്ടെത്തി.
പേടിഎം, ഗൂഗിൾ പേ തുടങ്ങിയവയിലൂടെയായിരുന്നു പണമിടപാട് നടത്തിയിരുന്നത്. വിൽപന നടത്തുന്ന ദൃശ്യങ്ങളുടെ ഉള്ളടക്കങ്ങൾ ഇവർ ഇൻസ്റ്റഗ്രാമിലൂടെ പരസ്യം ചെയ്യുകയും ചെയ്തിരുന്നു.