രജനികാന്ത് രാഷ്ട്രീയത്തിലേക്ക് വരണം; സമരവുമായി ആരാധകര്‍ തെരുവില്‍

രജനികാന്ത് രാഷ്ട്രീയത്തിലേക്ക് വരണം; സമരവുമായി ആരാധകര്‍ തെരുവില്‍
രജനി ആരാധകരുടെ പ്രതിഷേധം/ ഫോട്ടോ: എഎൻഐ
രജനി ആരാധകരുടെ പ്രതിഷേധം/ ഫോട്ടോ: എഎൻഐ

ചെന്നൈ: സൂപ്പര്‍ താരം  രജനികാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് ആവശ്യപ്പെട്ട് ആരാധകരുടെ സമരം. രജനികാന്ത് ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ചെന്നൈയിലെ വള്ളുവര്‍ കോട്ടത്താണ് ആരാധകരുടെ സമരം. രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറാനുള്ള സൂപ്പര്‍ താരത്തിന്റെ തീരുമാനത്തിനെതിരെയാണ് ആരാധകര്‍ പ്രതിഷേധിക്കുന്നത്. 

തീരുമാനം പിന്‍വലിച്ച് രജനികാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്നാണ് ആരാധകരുടെ ആവശ്യം. ആയിരക്കണക്കിന് പേരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. രാഷ്ട്രീയ പ്രവേശനം തമിഴ് സൂപ്പര്താരം രജനീകാന്ത് ഉപേക്ഷിച്ചെങ്കിലും ആരാധകര്‍ പിന്നോട്ട് പോകാന്‍ തയ്യാറല്ല. തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളിലുള്ള രജനി ആരാധകര്‍ ചെന്നൈ വള്ളുവര്‍ കോട്ടത്ത് രാവിലെ സംഘടിച്ചെത്തി പ്രതിഷേധം ആരംഭിക്കുകയായിരുന്നു. പോസ്റ്ററുകളും ബാനറുകളുമായി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ആരാധകര്‍ തെരുവിലുണ്ട്. രജനി മക്കള്‍ മന്‍ട്രം ഭാരവാഹികളും പ്രതിഷേധത്തില്‍ ഒപ്പമുണ്ട്. ഒരു ലക്ഷത്തോളം ആളുകള്‍ സമരത്തിന്റെ ഭാഗമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. കനത്ത പൊലീസ് സുരക്ഷയിലാണ് വള്ളുവര്‍ കോട്ടം.

പ്രതിഷേധത്തിന്റെ ഭാഗമാകാന്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം വലിയ രീതിയില്‍ പ്രചാരണം നടന്നിരുന്നു. പ്രതിഷേധത്തിന് പിന്തുണയുമായി വിജയ്, അജിത് ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളും വള്ളുവര്‍ കോട്ടത്തെത്തി. പ്രതിഷേധത്തിന് വൈകീട്ട് വരെയാണ് പൊലീസ് അനുമതി നല്‍കിയതെങ്കിലും സമരം നീണ്ടു പോകാനാണ് സാധ്യത. 

അതേസമയം, രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് രജനികാന്ത്. രാഷ്ട്രീയ പ്രവേശന പ്രഖ്യാപിച്ചതു മുതല്‍ ബൂത്ത് തല പ്രവര്‍ത്തനം സജീവമായിരുന്നു. അതിനിടെ അപ്രതീക്ഷിതമായി ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയതോടെ അദ്ദേഹം തീരുമാനം പിന്‍വലിച്ച് രംഗത്തെത്തുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com