മദ്യപിച്ചെത്തിയ രണ്ട് പേർ യുവതിയെ കയറിപ്പിടിക്കാൻ ശ്രമിച്ചു; തടയാൻ ശ്രമിച്ച സഹോദരനെ കുത്തിക്കൊന്നു; ദാരുണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th January 2021 11:26 AM |
Last Updated: 10th January 2021 11:26 AM | A+A A- |

പ്രതീകാത്മക ചിത്രം
ലഖ്നൗ: മദ്യ ലഹരിയിൽ എത്തിയ രണ്ട് പേർ ചേർന്ന് സഹോദരിയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ സഹോദരൻ കുത്തേറ്റ് മരിച്ചു. വെള്ളിയാഴ്ച രാത്രി നോയിഡയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. സംഭവത്തിൽ ഒരാൾ പിടിയിലായി. മറ്റൊരാൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കി.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ- വെള്ളിയാഴ്ച രാത്രി 8.40ഓടെയാണ് കൊലപാതകം അരങ്ങേറിയത്. 20 കാരിയായ യുവതിയും 22കാരനായ യുവാവും സ്പോർട്സ് ഉത്പന്നങ്ങൾ നിർമിക്കുന്ന ഫാക്ടറിയിലെ തൊഴിലാളികളാണ്. ഇരുവരും ജോലി കഴിഞ്ഞ വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്.
ഇവർ വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ മദ്യപിച്ച രണ്ട് പേർ അലഞ്ഞു നടക്കുകയായിരുന്നു. അവരിലൊരാൾ സ്ത്രീയെ കയറി പിടിക്കാൻ ശ്രമിച്ചു. ഇത് തടയാൻ യുവാവ് ശ്രമിക്കുന്നതിനിടെ യുവതി തന്നെ കയറിപ്പിടിക്കാൻ ശ്രമിച്ചയാളെ മർദ്ദിച്ചു. ഇതോടെ ഇരുവരും പ്രകോപിതരായി. അതോടെ തർക്കം കൈയാങ്കളിയിലായി.
പിന്നാലെ മദ്യപിച്ച ഇരുവരും കത്തി പുറത്തെടുത്ത് യുവതിയെ കുത്താൻ ശ്രമിച്ചെങ്കിലും സഹോദരൻ അവളെ രക്ഷപ്പെടുത്തി. പിന്നാലെ ഇതിൽ ഒരാൾ സഹോദരന്റെ തുടയിൽ പലതവണ കുത്തി പരിക്കേൽപ്പിച്ചു. യുവാവിന്റെ നെഞ്ചിനും കുത്തേറ്റു. സംഭവ സ്ഥലത്ത് പൊലീസ് എത്തുമ്പോഴേക്കും മദ്യപിച്ച ഇരുവരും ഓടി രക്ഷപ്പെട്ടു.
പൊലീസ് യുവാവിനേയും യുവതിയേയും ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. യുവാവിനെ പിന്നീട് സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്തം വാർന്ന് അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
പ്രതികൾക്കായി പൊലീസ് നടത്തിയ തിരച്ചിലിൽ ഒരാൾ പിടിയിലായി. ക്ലീനിങ് തൊഴിലാളിയായ സർവേഷ് കുമാർ (24) ആണ് പിടിയിലായത്. മറ്റൊരു പ്രതിയായ ഷാനി എന്നയാൾക്കായി തിരച്ചിൽ തുടരുന്നു. ഇരുവർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.