സുരക്ഷിതം; നാലു കോടി കോവിഡ് വാക്‌സിന് കൂടി ഉടന്‍ അനുമതിയെന്ന് പ്രധാനമന്ത്രി

നാല് കോടി കോവിഡ് വാക്‌സിന് കൂടി ഉടന്‍ അനുമതി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി/ പിടിഐ
പ്രധാനമന്ത്രി നരേന്ദ്ര മോദി/ പിടിഐ

ന്യൂഡല്‍ഹി: നാല് കോടി കോവിഡ് വാക്‌സിന് കൂടി ഉടന്‍ അനുമതി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ യോഗത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാക്‌സിനെതിരായ തെറ്റായ പ്രചാരണങ്ങള്‍ സംസ്ഥാനങ്ങള്‍ തടയണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മതസംഘടനകളെയും സന്നദ്ധ സംഘടനകളെയും വാക്‌സിന്‍ പ്രചാരണത്തിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ശാസ്ത്രരംഗത്തെ വിദഗ്ധരുടെ തീരുമാനങ്ങള്‍ വിശ്വാസത്തിലെടുക്കണം. പാര്‍ശ്വഫലങ്ങള്‍ നേരിടാനുള്ള നടപടികള്‍ തയ്യാറാണെന്നും മോദി പറഞ്ഞു. കോവിഡ് വാക്‌സിനേഷന്‍ മറ്റ് വാക്‌സിനേഷനുകളെ ബാധിക്കരുതെന്നും ആദ്യഘട്ട കോവിഡ് വാക്‌സിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മോദി പറഞ്ഞു. 

കോവിഡിനെതിരെ വികസിപ്പിച്ച ഓക്‌സ്ഫഡ് വാക്‌സിന്‍ വാങ്ങുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കിയതായി പ്രമുഖ മരുന്ന് കമ്പനിയായ സിറം ഇന്‍സ്റ്റിറ്റിയൂട്ട് അറിയിച്ചു.  ഡോസിന് 200 രൂപ നിരക്കിലാണ് സര്‍ക്കാര്‍ വാക്‌സിന്‍ വാങ്ങുന്നതെന്നും കമ്പനി അറിയിച്ചു. 

ജനുവരി 16ന് വാക്‌സിനേഷന്‍ ആരംഭിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മൂന്ന് കോടി മുന്‍നിര പോരാളികള്‍ക്ക് സൗജന്യമായി വാക്‌സിനേഷന്‍ നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിട്ടത്. തുടര്‍ന്ന് 50 വയസിന് മുകളിലുള്ളവര്‍ അടക്കം രണ്ടാംഘട്ട മുന്‍ഗണ പട്ടികയില്‍ വരുന്ന 27 കോടി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായാണ് വാക്‌സിന്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കിയത്.

ഇന്നോ നാളെയോ ആയി വിതരണം ആരംഭിക്കാനാണ് സിറം ആലോചിക്കുന്നത്. ഓരോ ആഴ്ചയും ലക്ഷകണക്കിന് ഡോസ് കോവിഷീല്‍ഡ് വിതരണത്തിന് എത്തിക്കാനാണ് സിറം പദ്ധതിയിടുന്നത്. ആദ്യം ഘട്ടത്തില്‍ 1.1 കോടി ഡോസ് വിതരണത്തിന് എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ദിവസങ്ങള്‍ക്ക് മുന്‍പ് ആസ്ട്രാസെനേക്കയുമായി സഹകരിച്ച് ഓക്‌സ്ഫഡ് വികസിപ്പിച്ച വാക്‌സിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു. ഇതോടൊപ്പം തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിനും അനുമതി നല്‍കിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് കോവാക്‌സിനും അനുമതി നല്‍കിയത്. കോവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം തുടരുകയാണ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com