'ക്ഷമയെക്കുറിച്ചു ഞങ്ങള്‍ക്കു ക്ലാസ് എടുക്കരുത്' ; നിയമം മരവിപ്പിച്ചുകൂടേ? കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനം

''ആവശ്യത്തിനു സമയം നിങ്ങള്‍ക്കു നല്‍കി. ഇനിയും ക്ഷമയെക്കുറിച്ച് ഞങ്ങള്‍ക്കു ക്ലാസ് എടുക്കരുത്''
'ക്ഷമയെക്കുറിച്ചു ഞങ്ങള്‍ക്കു ക്ലാസ് എടുക്കരുത്' ; നിയമം മരവിപ്പിച്ചുകൂടേ? കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് ഇനിയും സമയം നീട്ടിനല്‍കാനാവില്ലെന്ന് സുപ്രീം കോടതി. ആവശ്യത്തിനു സമയം ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഇതിനകം നല്‍കിയതായി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. 

പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് മരവിപ്പിച്ചുകൂടേയെന്ന് വാദത്തിനിടെ ബെഞ്ച് ആരാഞ്ഞു. നിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്ന കര്‍ഷകരെ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതി നിരാശാജനകമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. 

''സമരക്കാരില്‍ ചിലര്‍ ആത്മഹത്യ ചെയ്തു, പ്രായമായവരും സ്ത്രീകളുമെല്ലാം സമരത്തിന്റെ ഭാഗമാണ്. എന്തു ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്? പല സംസ്ഥാനങ്ങളും നിയമത്തിന് എതിരാണ്.  നിയമങ്ങള്‍ക്കെതിരെ ഒട്ടേറെ പരാതികളുണ്ട്, അനുകൂലിച്ച് ഒന്നുപോലുമില്ല''- കോടതി ചൂണ്ടിക്കാട്ടി.

നിയമങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ പരാമര്‍ശം. കര്‍ഷക സമരത്തിനെതിരായ ഹര്‍ജിയും ബെഞ്ച് പരിഗണിച്ചു. 

നിയമത്തിനെതിരെ സമരം നടത്തുന്ന കര്‍ഷകരുമായി കൂടിയാലോചനകള്‍ നടത്തിവരികയാണെന്ന കേന്ദ്ര വാദത്തെ വിമര്‍ശനത്തോടെയാണ് കോടതി പരിഗണിച്ചത്. ചര്‍ച്ചകള്‍ നിലച്ച അവസ്ഥയാണെന്നാണ് മനസ്സിലാക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. നിയമത്തിലെ ഓരോ വ്യവസ്ഥയും ചര്‍ച്ച ചെയ്യാമെന്ന നിലപാടാണ് സര്‍ക്കാരിന്. കര്‍ഷകരാണെങ്കില്‍ നിയമങ്ങള്‍ റദ്ദാക്കണമെന്ന നിലപാടിലും. പിന്നെ എന്തു കൂടിയാലോചനയാണെന്ന് കോടതി ചോദിച്ചു. 

''ആവശ്യത്തിനു സമയം നിങ്ങള്‍ക്കു നല്‍കി. ഇനിയും ക്ഷമയെക്കുറിച്ച് ഞങ്ങള്‍ക്കു ക്ലാസ് എടുക്കരുത്'' ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് പ്രതികരിച്ചു.

രൂക്ഷമായ പ്രതികരണമാണ് കോടതി നടത്തിയതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടിയപ്പോള്‍ അത് ഏറ്റവും കുറഞ്ഞ വാക്കുകളാണെന്ന്് ചീഫ് ജസ്റ്റിസ് പറഞ്ഞു.

കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ സമിതിയെ നിയോഗിക്കുകയാണെന്ന് കോടതി പറഞ്ഞു. സമിതി ചര്‍ച്ച നടത്തുന്നതുവരെ നിയമങ്ങള്‍ മരവിപ്പിച്ചുകൂടേ? അതോ ഞങ്ങള്‍ അതു ചെയ്യണോ? -കോടതി ആരാഞ്ഞു. സമിതി അധ്യക്ഷസ്ഥാനത്തേക്കു പേരുകള്‍ നിര്‍ദേശിക്കാന്‍ സര്‍ക്കാരിനോടും ഹര്‍ജിക്കാരോടും കോടതി നിര്‍ദേശിച്ചു.

നിയമത്തിലെ ഒരു വ്യവസ്ഥയും ഭരണഘടനാ വിരുദ്ധമല്ലെന്നും മൗലിക അവകാശങ്ങളുടെ ലംഘനമില്ലെന്നും അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ പറഞ്ഞു. അതുകൊണ്ടുതന്നെ നിയമം കോടതിക്കു സ്‌റ്റേ ചെയ്യാനാവില്ലെന്ന് അറ്റോര്‍ണി ജനറല്‍ വാദിച്ചു. പ്രശ്‌നത്തിനു പരിഹാരം കാണാനാണ് കോടതി ശ്രമിക്കുന്നത് എന്നായിരുന്നു ബെഞ്ചിന്റെ പ്രതികരണം.

വിവാദ കാര്‍ഷിക നിയമങ്ങളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്താണ് നിയമത്തിനെതിരെ ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.ഡല്‍ഹി അതിര്‍ത്തികളില്‍ സമരരംഗത്തുള്ള കര്‍ഷകരെ നീക്കണമെന്ന ഹര്‍ജിയാണ് കോടതിക്ക് മുന്നിലെത്തിയിട്ടുള്ള മറ്റൊന്ന്. 

കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മില്‍ നടത്തിയ എട്ടാം വട്ട ചര്‍ച്ചയിലും തീരുമാനമായിരുന്നില്ല. വെള്ളിയാഴ്ചയാണ് അടുച്ച ചര്‍ച്ച വെച്ചിരിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com