വീടുകൾക്ക് പൂശാൻ ചാണക പെയിന്റ്, പുതിയ ഉത്പന്നവുമായി കേന്ദ്രസ്ഥാപനം; നിതിൻ ഗഡ്കരി പുറത്തിറക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th January 2021 05:40 PM |
Last Updated: 11th January 2021 05:40 PM | A+A A- |
വേദിക് പെയിൻ്റ്/ ചിത്രം: ട്വിറ്റർ
ന്യൂഡൽഹി: പശുവിൻ ചാണകം പ്രധാന ഘടകമാക്കി നിർമിച്ച പുതിയ പെയിൻ്റ് പുറത്തിറക്കാനൊരുങ്ങി കേന്ദ്രസർക്കാർ സ്ഥാപനം. ഖാദി, ഗ്രാമീണ വ്യവസായ കമ്മീഷൻ പുറത്തിറക്കുന്ന പെയിന്റ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് അവതരിപ്പിക്കുന്നത്.
"ഖാദി പ്രകൃതിക് പെയിൻ്റ്" എന്ന വിശേഷണത്തോടെയാണ് പുതിയ "വേദിക് പെയിൻ്റ്" പുറത്തിറക്കുന്നത്. പരിസ്ഥിതി സൗഹൃദമാണെന്ന് അവകാശപ്പെടുന്ന ഈ പെയിന്റിലെ പ്രധാന ഘടകം ചാണകമാണ്. ഡിസ്റ്റംബർ രൂപത്തിലും പ്ലാസ്റ്റിക് ഇമൽഷനായും രണ്ട് തരത്തിൽ ഇവ ലഭ്യമാകും.
ജയ്പൂരിലെ കുമാരപ്പ നാഷണൽ ഹാൻഡ് മെയ്ഡ് പേപ്പർ ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഉത്പന്നം വികസിപ്പിച്ചത്. പെയിൻ്റിൻ്റെ അസംസ്കൃത വസ്തു ചാണകമായതിനാൽ ഇത് കർഷകർക്ക് അധികവരുമാനം നേടാൻ സഹായിക്കുമെന്നാണ് റിപ്പോർട്ട്. സാധാരണ പെയിൻ്റുകളിൽ ലെഡ്, മെർക്കുറി, ക്രോമിയം, ആർസെനിക്, കാഡ്മിയം തുടങ്ങിയ ഹാനികരമായ ഉത്പന്നങ്ങളുണ്ടെങ്കിൽ ഈ പെയിൻ്റിൽ ഇവയൊന്നും ഇല്ലെന്നാണ് അവകാശപ്പെടുന്നത്.