ലഹരിമരുന്ന് കേസ് : നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യാസഹോദരന്‍ അറസ്റ്റില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th January 2021 07:56 AM |
Last Updated: 12th January 2021 08:07 AM | A+A A- |

ആദിത്യ ആല്‍വ / ഫെയ്‌സ്ബുക്ക് ചിത്രം
ചെന്നൈ : ബംഗലൂരു ലഹരിമരുന്ന് കേസില്‍ നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യാസഹോദരന്‍ ആദിത്യ ആല്‍വ അറസ്റ്റിലായി. ചെന്നൈയില്‍ നിന്നാണ് ആദിത്യയെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ബംഗലൂരു ലഹരിമരുന്ന് കേസിലെ ആറാം പ്രതിയായ ആദിത്യ ആല്‍വ മാസങ്ങളായി ഒളിവിലായിരുന്നു.
മുന്‍മന്ത്രി ജീവരാജ് ആല്‍വയുടെ മകനാണ്. സിനിമാ താരങ്ങള്‍ ഉള്‍പ്പെട്ട ലഹരിമരുന്ന് കേസില്‍, മയക്കുമരുന്ന് എത്തിച്ചിരുന്നത് ആദിത്യയാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ആദിത്യയെ കണ്ടെത്താനായി ക്രൈംബ്രാഞ്ച് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് രാജ്യത്ത് പരിശോധന നടത്തി വരികയായിരുന്നു.
രഹസ്യ വിവരത്തെതുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് ആദിത്യ ആല്‍വ പിടിയിലായത്. ഒരു സിനിമാ നടിയും കസ്റ്റഡിയിലായതായി റിപ്പോര്‍ട്ടുകളുണ്ട്. ആദിത്യയെ കണ്ടെത്തുന്നതിനായി സഹോദരി ഭര്‍ത്താവായ നടന്‍ വിവേക് ഒബ്‌റോയിയുടെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു.
നേരത്തെ ആദിത്യ ആല്‍വയുടെ ബംഗലൂരുവിലെ വസതിയില്‍ സിസിബി നടത്തിയ റെയ്ഡില്‍ മയക്കുമരുന്ന് കണ്ടെടുത്തിരുന്നു. ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി തുടങ്ങിയവര്‍ അറസ്റ്റിലായിരുന്നു.