പാര്‍വതി നദിയില്‍ 'നിധി'; കുഴിച്ചെടുക്കാന്‍ തടിച്ചുകൂടി ജനക്കൂട്ടം
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th January 2021 05:01 PM |
Last Updated: 12th January 2021 05:01 PM | A+A A- |

പാര്‍വതി നദിയില്‍ നിധി തേടി തടിച്ചുകൂടിയ ജനം/ എഎന്‍ഐ ചിത്രം
ഭോപ്പാല്‍: മധ്യപ്രദേശില്‍ പാര്‍വതി നദിയില്‍ നിധി ശേഖരം ഉണ്ടെന്ന വാര്‍ത്തകള്‍ കേട്ട് തടിച്ചുകൂടി നാട്ടുകാര്‍. മധ്യപ്രദേശിലെ രാജ്ഘര്‍ ജില്ലയിലൂടെ ഒഴുകുന്ന പാര്‍വതി നദിയിലാണ് ജനങ്ങള്‍ നിധിവേട്ടയ്ക്കിറങ്ങിയത്. ശിവപുര, ഗരുഡപുര എന്നീ ഗ്രാമങ്ങളിലെ ജനങ്ങളാണ് നിധി കുഴിച്ചെടുക്കാനായി നദീതീരത്ത് ഒഴുകി എത്തിയത്.
എട്ടുദിവസം മുന്‍പ് കുറച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് ഇവിടെ നിന്നും പുരാതന കാലത്തെ നാണയങ്ങള്‍ കിട്ടിയിരുന്നു. മുഗള്‍ കാലത്ത് ഉപയോഗിച്ചിരുന്ന നാണയങ്ങളാണ് ഇവ. ഈ വാര്‍ത്തയറിഞ്ഞതു മുതലാണ് നിധി തേടി ജനങ്ങള്‍ നദി തീരത്തേയ്ക്ക് ഒഴുകി എത്തിയത്. മുഗള്‍ കാലത്ത് ഒളിപ്പിച്ചിരുന്ന നിധി നദിയിലുണ്ടെന്ന വാര്‍ത്ത പരന്നതോടെയാണ് ജനക്കൂട്ടം നിധിതേടി പാര്‍വതി നദിയുടെ തീരങ്ങള്‍ കുഴിച്ചു തുടങ്ങിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി പൊലീസും രംഗത്തെത്തിയിട്ടുണ്ട്.
പുരാവസ്തു വകുപ്പും ഇതേ കുറിച്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ച നാണയങ്ങള്‍ ചെമ്പിലും വെങ്കലത്തിലും തീര്‍ത്തതാണെന്നും അവയ്ക്ക് വിലയില്ലെന്നും പുരാവസ്തു വകുപ്പ് വ്യക്തമാക്കി. പൊലീസ് സംഭവത്തെക്കുറിച്ച് വിശദീകരിച്ചെങ്കിലും ഗ്രാമവാസികള്‍ ഇതൊന്നും കേള്‍ക്കാന്‍ തയാറാകാതെ നിധിവേട്ട തുടരുകയാണ്.