''നമ്മളൊക്കെ മനുഷ്യരല്ലേ, അദ്ദേഹത്തിന്റെ പ്രായം പരിഗണിക്കൂ'' ; വരവര റാവുവിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th January 2021 03:11 PM |
Last Updated: 13th January 2021 03:11 PM | A+A A- |

വരവര റാവു/ഫയല്‍
മുംബൈ: ഭീമാ കോറെഗാവ് കേസില്‍ അറസ്റ്റിലായ കവി വരവര റാവുവിന്റെ ജാമ്യാപേക്ഷയില്‍ പ്രതികരണം അറിയിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം കൂടി കണക്കിലെടുക്കണമെന്ന് ദേശീയ അന്വേഷണ ഏജന്‍സിയോട് ബോംബെ ഹൈക്കോടതി. വരവര റാവുവിന് 88 വയസ്സ് പ്രായമുണ്ടെന്ന്, ജസ്റ്റിസുമാരായ എസ്എസ് ഷിന്‍ഡെ, മനീഷ് പിതാലെ എന്നിവര്‍ ചൂണ്ടിക്കാട്ടി.
ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വരവര റാവു നല്‍കിയ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം. ''ഹര്‍ജിക്കാരന് 88 വയസ്സുണ്ട്. അദ്ദേഹത്തിന്റെ പ്രായം മാനിക്കൂ, ആരോഗ്യസ്ഥിതി നോക്കൂ. പ്രതികരണം അറിയിക്കുമ്പോള്‍ ഇതൊക്കെ മനസ്സില്‍ വയ്ക്കണം. നമ്മളൊക്കെ മനുഷ്യരല്ലേ'' -ജസ്റ്റിസ് ഷിന്‍ഡെ പറഞ്ഞു.
കോടതി ഇടപെടലിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം വരവര റാവുവിനെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. റാവുവിന്റെ ആരോഗ്യസ്ഥിതി ആശുപത്രി അധികൃതര്‍ കോടതിക്കു റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. വരവര റാവുവിന്റെ ആശുപത്രി ചെലവ് വഹിക്കുമെന്ന് മഹാരാഷ്ട്രാ സര്‍ക്കാര്‍ കോടതിയെ അറയിച്ചു.
ഭീമ കോറെഗാവ് കേസുമായി ബന്ധപ്പെട്ട് 2018 ജൂണിലാണ് വരവര റാവുവിനെ അറസ്റ്റ് ചെയ്യുന്നത്. 2017 ഡിസംബറില്‍ പൂനെയിലെ ഭീമാ കോറെഗാവില്‍ എല്‍ഗാര്‍ പരിഷത്ത് സംഘടിപ്പിച്ച പരിപാടിക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുത്തു.
റാവുവിനെക്കൂടാതെ ഒട്ടേറെ സാമൂഹ്യ പ്രവര്‍ത്തകര്‍ ഈ കേസില്‍ അറസ്റ്റിലായിട്ടുണ്ട്.