ഇനി ഒളിച്ചിരുന്നാലും ഭീകരരെ സേന കയ്യോടെ പൊക്കും!; തദ്ദേശീയമായി വികസിപ്പിച്ച മൈക്രോ ഡ്രോണ്‍ പരീക്ഷണം വിജയകരം
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th January 2021 09:14 PM |
Last Updated: 13th January 2021 09:14 PM | A+A A- |

സ്വന്തമായി വികസിപ്പിച്ച ഡ്രോണുമായി കരസേന ഉദ്യോഗസ്ഥന്‍/ എഎന്‍ഐ ചിത്രം
ന്യൂഡല്‍ഹി: കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താന്‍ വികസിപ്പിച്ച മൈക്രോ ഡ്രോണിന്റെ പരീക്ഷണം വിജയകരം. കരസേനയിലെ ഉദ്യോഗസ്ഥനാണ് പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്ന ജമ്മുകശ്മീര്‍ ഉള്‍പ്പെടെയുള്ള അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ഇത് ഏറെ പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
ലഫ്റ്റനന്റ് കേണല്‍ ജി വൈ കെ റെഡ്ഡിയാണ് ഇത് വികസിപ്പിച്ചത്. കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ എളുപ്പം കണ്ടെത്താന്‍ സാധിക്കുന്ന സാങ്കേതികവിദ്യയാണ് മൈക്രോകോപ്റ്ററില്‍ ഉപയോഗിച്ചിരിക്കുന്നത്. ജമ്മു കശ്മീരില്‍ പാരാ സ്‌പെഷ്യല്‍ ഫോഴ്‌സസാണ് ഇതിന്റെ പരീക്ഷണം വിജയകരമായി നടത്തിയത്. ഈ ലഘു ഡ്രോണിനെ പരിഷ്‌കരിക്കുന്നതിനുള്ള ശ്രമങ്ങളും തുടരും.
അടുത്തിടെ, അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കുന്നതിന് സ്വിച്ച് ഡ്രോണുകളെ വിന്യസിക്കാന്‍ കരസേന കരാര്‍ ഒപ്പിട്ടിരുന്നു. 4500 മീറ്റര്‍ ഉയരത്തില്‍ വരെ പറക്കാന്‍ ശേഷിയുളളതും രണ്ടു മണിക്കൂര്‍ പ്രവര്‍ത്തനക്ഷമതയുള്ളതുമായ ഡ്രോണ്‍ സ്വന്തമാക്കാനാണ് കരസേന കരാറില്‍ ഏര്‍പ്പെട്ടത്. ഐഡിയ ഫോര്‍ജ് എന്ന കമ്പനിയുമായാണ് കരസേന സഹകരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രമുഖ പൊതുമേഖല ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയുമായി ചേര്‍ന്ന് കമ്പനി നേത്ര ഡ്രോണ്‍ വികസിപ്പിച്ചിരുന്നു.