നഗ്നചിത്രങ്ങൾ കിട്ടാനായി സൈനിക രഹസ്യങ്ങൾ പാകിസ്ഥാന് ചോർത്തി, ഹണിട്രാപ്പ്; കുറ്റം സമ്മതിച്ച് രാജസ്ഥാൻ സ്വദേശി
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th January 2021 11:43 AM |
Last Updated: 13th January 2021 11:43 AM | A+A A- |
സത്യനാരായണൻ പാലിവാൾ /ചിത്രം:എഎന്‍ഐ
ജയ്പൂർ: പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐക്ക് ഇന്ത്യൻ സൈന്യത്തിൻ്റെ രഹസ്യങ്ങൾ ചോർത്തിയ ആൾ അറസ്‌റ്റിൽ. രാജസ്ഥാൻ സ്വദേശിയായ സത്യനാരായണൻ പാലിവാൾ (42) എന്നയാളാണ് അറസ്റ്റിലായത്. ഹണിട്രാപ്പ് മുഖേനെയാണ് വിവരങ്ങൾ ചോർത്തിയത്. നഗ്നചിത്രങ്ങളോടുള്ള ഭ്രമമാണ് ചാരപ്രവർത്തനത്തിന് പ്രേരിപ്പിച്ചതെന്ന് ഇയാൾ കുറ്റസമ്മതം നടത്തി.
അതിർത്തിയിലെ നിർണായക വിവരങ്ങളാണ് ഇയാളിൽ നിന്ന് പാകിസ്ഥാൻ ശേഖരിച്ചത്. കഴിഞ്ഞയാഴ്‌ചയാണ് ഇയാൾ പിടിയിലായതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. താനുമായി ബന്ധപ്പെട്ട സ്‌ത്രീകൾ നഗ്നചിത്രങ്ങൾ അയച്ചു നൽകുകയും പ്രലോഭിപ്പിക്കുന്ന സംഭാഷണങ്ങൾ നടത്തുകയും ചെയ്‌തു. ഈ അടുപ്പം കൂടുതൽ ശക്തമാക്കാൻ വേണ്ടിയാണ് വിവരങ്ങൾ കൈമാറിയതെന്ന് പാലിവാൾ പറഞ്ഞു. പൊഖ്റാൻ മേഖലയിൽ സേനയുടെ വിന്യാസവും നീക്കവും സംബന്ധിച്ച വിവരങ്ങളും ഇയാൾ ഐഎസ്ഐയ്ക്ക് കൈമാറിയെന്നാണ് വിവരം.
കരസേനയുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ ഇയാളുടെ ഫോണിൽ കണ്ടെത്തിയതിനെ തുടർന്ന് കുറച്ച് കാലമായി ഇയാൾ നിരീക്ഷണത്തിലായിരുന്നു. ജയ്സാൽമീറിൽ വച്ചാണ് ഇയാൾ പിടിയിലായത്. ചാരവൃത്തിയടക്കമുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.