'കൈയിലുള്ളത് 41 എംഎല്‍എമാരുടെ പട്ടിക, അവരെ അനുവദിച്ചാല്‍ മമത സര്‍ക്കാര്‍ താഴെ വീഴും'; അവകാശവാദവുമായി വിജയ്‌വര്‍ഗീയ

തൃണമൂല്‍ കോണ്‍ഗ്രസിലെ 41 എംഎല്‍എമാര്‍ തന്നെ സമീപിച്ചതായി വിജയ്‌വര്‍ഗീയ അവകാശപ്പെട്ടു
കൈലാഷ് വിജയ്‌വര്‍ഗീയ/ഫയല്‍ ചിത്രം
കൈലാഷ് വിജയ്‌വര്‍ഗീയ/ഫയല്‍ ചിത്രം

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്- ബിജെപി പോര് മുറുകുന്നതിനിടെ, അമ്പരപ്പിക്കുന്ന അവകാശവാദവുമായി ബിജെപി നേതാവ് കൈലാഷ് വിജയ്‌വര്‍ഗീയ. തൃണമൂല്‍ കോണ്‍ഗ്രസിലെ 41 എംഎല്‍എമാര്‍ തന്നെ സമീപിച്ചതായി വിജയ്‌വര്‍ഗീയ അവകാശപ്പെട്ടു.

പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേയാണ്, ഇരുപാര്‍ട്ടികളും തമ്മിലുള്ള പോര് മുറുക്കി സംസ്ഥാനത്തെ ബിജെപിയുടെ ചുമതല വഹിക്കുന്ന വിജയ്‌വര്‍ഗീയ പുതിയ അവകാശവാദവുമായി രംഗത്തുവന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാന്‍ 41 എംഎല്‍എമാരെ അനുവദിച്ചാല്‍  മമത സര്‍ക്കാര്‍ താഴെ വീഴുമെന്ന് വിജയ്‌വര്‍ഗീയ പറഞ്ഞു. എന്നാല്‍  രാഷ്ട്രീയത്തില്‍ മികച്ച പ്രതിച്ഛായയുള്ള നേതാക്കളെ മാത്രമേ പാര്‍ട്ടിയില്‍ ചേരാന്‍ അനുവദിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

'എന്റെ കൈയില്‍ ബിജെപിയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന 41 തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ പട്ടികയുണ്ട്. ഇത് അനുവദിച്ചാല്‍ ബംഗാളില്‍ മമത സര്‍ക്കാര്‍ താഴെ വീഴും. ഇവരുടെ പശ്ചാത്തലം പഠിക്കാന്‍ ശ്രമിക്കുകയാണ്. മികച്ച പ്രതിച്ഛായയുളള നേതാക്കളെ മാത്രമേ പാര്‍ട്ടിയില്‍ ചേരാന്‍ അനുവദിക്കുകയുള്ളൂ. മമത സര്‍ക്കാര്‍ താഴെ വീഴുമെന്നാണ് എല്ലാവരും കരുതുന്നത്' - വിജയ്‌വര്‍ഗീയ എഎന്‍ഐയോട് പറഞ്ഞു.

ആറ് ബിജെപി എംപിമാര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ വൈകാതെ തന്നെ ചേരുമെന്ന ബംഗാള്‍ മന്ത്രി ജ്യോതിപ്രിയ മാലിക്കിന് മറുപടിയായാണ് വിജയ്‌വര്‍ഗീയയുടെ പ്രതികരണം. ബിജെപിയില്‍ അടുത്തിടെ ചേര്‍ന്ന നേതാക്കളെല്ലാം തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തുമെന്നും അവര്‍ അവകാശപ്പെട്ടു.അന്തിമ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രി മമത ബാനര്‍ജിയാണ്. മമത അനുവദിച്ചാല്‍ മാത്രമേ ഇവരെ തിരികെ എടുക്കുകയുള്ളൂവെന്നും അവര്‍ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com