ആദ്യം പ്രാദേശിക പഠനം നടത്തൂ, അടിയന്തര ഉപയോ​ഗത്തിന് അനുമതി തേടിയ ഫൈസറിനോട്  കേന്ദ്രം

കോവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, അടിയന്തര ഉപയോഗ അനുമതിക്ക് അപേക്ഷിക്കുന്നതിന് മുന്‍പേ മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പ്രാദേശിക പഠനം നടത്തിയിരുന്നു
ഫൈസര്‍ കോവിഡ് വാക്‌സിന്‍/ഫയല്‍
ഫൈസര്‍ കോവിഡ് വാക്‌സിന്‍/ഫയല്‍

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയ ഫൈസര്‍ ഉള്‍പ്പെടെയുള്ള കമ്പനികളോട് നിര്‍ബന്ധമായും പ്രാദേശിക പഠനം നടത്താൻ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. അനുബന്ധ പ്രാദേശിക പഠനം കൂടി നടത്തിയാൽ മാത്രമേ അനുമതിക്കായി പരിഗണിക്കുകയുള്ളൂവെന്നാണ് കേന്ദ്രത്തിന്റെ നിർദേശമെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തത്. വിഷയത്തില്‍ ഫൈസര്‍ പ്രതികരിച്ചിട്ടില്ല.

നിലവിൽ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡിനും ഭാരത് ബയോടെക്കിന്റെ കോവാക്‌സിനുമാണ് അടിയന്തര ഉപയോഗത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ജനുവരി 16ന് രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കുക. കോവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, അടിയന്തര ഉപയോഗ അനുമതിക്ക് അപേക്ഷിക്കുന്നതിന് മുന്‍പേ മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പ്രാദേശിക പഠനം നടത്തിയിരുന്നു. 1,500 ല്‍ അധികം പേരിലാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പഠനം നടത്തിയത്. തുടര്‍ന്ന് ജനുവരി മൂന്നിനാണ് കോവിഷീല്‍ഡിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തര ഉപയോഗ അനുമതി നല്‍കിയത്. 

പ്രാദേശിക പഠനം നടത്താതെ കോവിഡ് വാക്‌സിന്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനും വിതരണം ചെയ്യാനും ഫൈസര്‍ ശ്രമിച്ചിരുന്നതായി വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. രാജ്യത്ത് അടിയന്തര ഉപയോഗത്തിന് ആദ്യം അനുമതി ആവശ്യപ്പെട്ടതും ഫൈസര്‍ ആയിരുന്നു. എന്നാല്‍ തുടര്‍ന്ന് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്റേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ വിളിച്ച യോഗങ്ങളില്‍ ഇവര്‍ പങ്കെടുത്തിരുന്നില്ല. 

ഏത് വാക്‌സിനും രാജ്യത്ത് വിതരണം ചെയ്യണമെങ്കില്‍ ബ്രിഡ്ജിങ് ട്രയല്‍ നടത്തേണ്ടതുണ്ടെന്ന് മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ളതായി ഇന്ത്യയുടെ വാക്‌സിന്‍ സ്ട്രാറ്റജി പാനല്‍ മേധാവി വിനോദ് കെ. പോള്‍ പറഞ്ഞു. വാക്‌സിന്റെ ഒരു പുതിയ പ്രദേശത്തെ ഫലപ്രാപ്തി, സുരക്ഷ, നല്‍കേണ്ട അളവ് തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള വിവരശേഖരണം ലക്ഷ്യമാക്കി നടത്തുന്ന അനുബന്ധ പഠനത്തെയാണ് ബ്രിഡ്ജിങ് ട്രയല്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ നിലവിലെ   ഇന്ത്യയുടെ പുതിയ ഡ്രഗ്‌സ് ആന്‍ഡ് ക്ലിനിക്കല്‍ ട്രയല്‍ റൂള്‍സ് പ്രകാരം നിബന്ധനകള്‍ക്ക് വിധേയമായി ഇത്തരം ട്രയലുകള്‍ ഒഴിവാക്കാവുന്നതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com