ജാൻവി കപൂർ സമരത്തെ പിന്തുണക്കണം; ഷൂട്ടിങ് സെറ്റിൽ പ്രതിഷേധവുമായി കർഷകർ
By സമകാലികമലയാളം ഡെസ്‌ക് | Published: 14th January 2021 07:34 AM |
Last Updated: 14th January 2021 07:34 AM | A+A A- |
ജാന്‍വി കപൂര്‍/ ചിത്രം: ഇന്‍സ്റ്റഗ്രാം
ചണ്ഡീഗഢ്: കർഷക സമരത്തെ പിന്തുണക്കണം എന്ന ആവശ്യവുമായി ബോളിവുഡ് താരം ജാന്‍വി കപൂറിന്റെ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ പ്രതിഷേധം. പഞ്ചാബില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ലൊക്കേഷനിലേക്കാണ് ഒരു കൂട്ടം കർഷകർ എത്തിയത്. കർഷക സമരങ്ങളെ പിന്തുണച്ചുകൊണ്ട് ജാൻവി മുന്നോട്ടു വരണം എന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന 'ഗുഡ്‌ലക്ക് ജെറി' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് ജാൻവി ഇപ്പോൾ. സിനിമാ ചിത്രീകരണം പുരോഗമിക്കുന്ന ഇടത്തേക്ക് കർഷകർ തള്ളിക്കയറുകയും ഷൂട്ടിങ് തടസ്സപ്പെടുത്തുകയുമായിരുന്നു. ജാൻവി പ്രസ്താവനയിറക്കുമെന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍നിന്ന് ഉറപ്പുലഭിച്ചതിനു പിന്നാലെയാണ് കര്‍ഷകര്‍ ചിത്രീകരണ സ്ഥലത്തുനിന്ന് പോയത്.
പിന്നാലെ ജാന്‍വി, കര്‍ഷക സമരത്തെ പിന്തുണച്ചുകൊണ്ട് ഇൻസ്റ്റഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്തു. കര്‍ഷകര്‍ രാജ്യത്തിന്റെ ഹൃദയമാണ്. രാജ്യത്തെ ഊട്ടുന്നതില്‍ അവര്‍ വഹിക്കുന്ന ചുമതല തിരിച്ചറിയുകയും അതിനെ ബഹുമാനിക്കുകയും ചെയ്യുന്നു. കര്‍ഷകര്‍ക്ക് അനുകൂലമായ തീരുമാനത്തിലേക്ക് എത്തിച്ചേരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു- എന്നാണ് താരം കുറിച്ചത്.
ബോളിവുഡ് താരങ്ങൾ പിന്തുണയ്ക്കാത്തതിനും ഒരു വാക്കുപോലും മിണ്ടാത്തതിനും എതിരെ സംവിധായകനോടും അണിയറ പ്രവർത്തകരോടും പ്രതിഷേധക്കാർ വിമർശനം ഉന്നയിച്ചു. കർഷകർ പിന്തിരിഞ്ഞതിന് പിന്നാലെ ചിത്രത്തിന്റെ ഷൂട്ടിങ് പുനരാരംഭിച്ചു. പോലീസിന്റെ സാന്നിധ്യത്തില്‍ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.