വാക്‌സിനുകളുടെ പാര്‍ശ്വ ഫലങ്ങള്‍ക്ക് ഉത്തരവാദി നിര്‍മാണ കമ്പനികള്‍; നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യതയും സര്‍ക്കാരിനില്ല; കേന്ദ്രം
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th January 2021 11:24 AM |
Last Updated: 14th January 2021 11:24 AM | A+A A- |

പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: വാക്‌സിനുകളുടെ പ്രതികൂല ഫലങ്ങള്‍ക്ക് നിര്‍മാതാക്കളായ കമ്പനികള്‍ മാത്രമായിരിക്കും ഉത്തരവാദികളെന്ന് കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാര്‍ കൂടി ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന കമ്പനികളുടെ ആവശ്യം തള്ളിയാണ് കേന്ദ്രം നിലപാടറിയിച്ചത്. കോവിഡ് വാക്‌സിനേഷന്‍ നടപടികള്‍ രാജ്യത്ത് ആരംഭിക്കാനിരിക്കെയാണ് കേന്ദ്രം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.
കുത്തിവയ്പ്പ് നടത്തുമ്പോഴുള്ള പാര്‍ശ്വ ഫലങ്ങള്‍ക്കും മറ്റ് അപകടങ്ങള്‍ക്കും വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ ഉത്തരവാദികളായിരിക്കും. നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങള്‍ നല്‍കേണ്ടതിന്റെ ബാധ്യതയും കമ്പനികള്‍ക്കായിരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
രാജ്യത്ത് നിലവിലുള്ള പ്രതിരോധ കുത്തിവയ്പ്പ് സംബന്ധിച്ച എല്ലാ നിയമങ്ങളും കോവിഡ് വാക്‌സിന്‍ വിതരണത്തിലും ബാധകമാണ്. അതിനാല്‍ സിഡിഎസ്സിഒ/ ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്റ്റ്/ ഡിസിജിഐ പോളിസി വകുപ്പുകള്‍ അനുസരിച്ച് കമ്പനികള്‍ക്കാണ് എല്ലാ ഉത്തരവാദിത്വങ്ങളും.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വളരെ വേഗത്തിലാണ് കമ്പനികള്‍ പ്രതിരോധ വാക്‌സിനുകള്‍ നിര്‍മിച്ച് വിതരണം ചെയ്യുന്നത് എന്നതിനാല്‍ തന്നെ പല രാജ്യങ്ങളിലേയും സര്‍ക്കാരുകള്‍ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. യുഎസ്, യുകെ, കാനഡ, സിംഗപ്പൂര്‍, ഇയു തുടങ്ങി പല രാജ്യങ്ങളും നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ വാക്‌സിന്‍ നിര്‍മാതാക്കള്‍ നഷ്ടപരിഹാരം സംബന്ധിച്ച് വ്യക്തത തേടി സര്‍ക്കാരിനെ സമീപിച്ചത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനവാല കഴിഞ്ഞ മാസം അവസാനം ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് പ്രതിരോധ കുത്തിവയ്പ് സംബന്ധിച്ച നിയമ നടപടികളില്‍ വാക്‌സിന്‍ കമ്പനികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നായിരുന്നു അദര്‍ പൂനവാല അന്ന് പറഞ്ഞത്.