ചെങ്കോട്ടയിലേക്കല്ല, ട്രാക്ടര്‍ റാലി ഹരിയാന- ഡല്‍ഹി അതിര്‍ത്തിയില്‍ മാത്രം; സമരം വിഘടിപ്പിക്കാന്‍ നോക്കുന്നവരെ കരുതിയിരിക്കുക; വ്യക്തത വരുത്തി കര്‍ഷക നേതാക്കള്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th January 2021 03:00 PM |
Last Updated: 14th January 2021 03:02 PM | A+A A- |

റോഹ്ത്തഗിൽ നടന്ന കർഷകരുടെ ട്രാക്ടർ മാർച്ചിൽ നിന്ന്/ ഫോട്ടോ: എക്സ്പ്രസ്
ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന്റെ ഭാഗമായി റിപ്പബ്ലിക്ക് ദിനത്തില്‍ ഡല്‍ഹി ചെങ്കോട്ടയിലേക്ക് ട്രാക്ടര്‍ റാലി നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഭാരതീയ കിസാന്‍ യൂണിയന്‍. റിപ്പബ്ലിക്ക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തുമെന്നും എന്നാല്‍ അത് ചെങ്കോട്ടയിലേക്കല്ലെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ബല്‍ബിര്‍ സിങ് രാജേവല്‍ വ്യക്തമാക്കി.
നിശ്ചയിച്ച പ്രകാരം തന്നെ ട്രാക്ടര്‍ റാലി റിപ്പബ്ലിക്ക് ദിനത്തില്‍ നടക്കും. എന്നാല്‍ അത് ഹരിയാന- ഡല്‍ഹി അതിര്‍ത്തിയില്‍ തീരുമാനിച്ച സ്ഥലത്ത് മാത്രമായിരിക്കുമെന്നു കര്‍ഷക നേതാക്കള്‍ പറയുന്നു. റാലി സംബന്ധിച്ച് കര്‍ഷകര്‍ക്ക് നല്‍കിയ കത്തിലാണ് സംഘടന ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. വിഘടന വാദവുമായി എത്തി സമരം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരം സംഭവങ്ങളില്‍ കുടുങ്ങാതെ ഇരിക്കാന്‍ കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്നും ബല്‍ബിര്‍ സിങ് രാജേവല്‍ അഭ്യര്‍ത്ഥിച്ചു.
ട്രാക്ടര്‍ റാലിക്ക് മുന്നോടിയായി മുഴുവന്‍ കര്‍ഷകരും ഹരിയാന- ഡല്‍ഹി അതിര്‍ത്തിയില്‍ എത്തിച്ചേരണമെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി വ്യക്തമാക്കി. റാലി തടയണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഡല്‍ഹി പൊലീസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ വാദം കേള്‍ക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യവും കോടതി പരിഗണിച്ചു.