മന്ത്രി ബലാത്സംഗം ചെയ്തെന്ന് ഗായിക, വിവാഹേതര ബന്ധമുള്ളത് പരാതിക്കാരിയുടെ സഹോദരിയുമായെന്ന് മറുപടി; വിവാദം
By സമകാലികമലയാളം ഡെസ്‌ക് | Published: 14th January 2021 08:03 AM |
Last Updated: 14th January 2021 08:03 AM | A+A A- |
ധനഞ്ജയ് മുണ്ഡെ/ ഫേയ്സ്ബുക്ക്
മുംബൈ; മഹാരാഷ്ട്രയിലെ സാമൂഹിക നീതി വകുപ്പ് മന്ത്രി ധനഞ്ജയ് മുണ്ഡെ ബലാത്സംഗ ആരോപണം. ഗായികയാണ് മന്ത്രിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. സംഭവം ചർച്ചയായതിന് പിന്നാലെ മന്ത്രി നടത്തിയ വെളിപ്പെടുത്തൽ പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടു. പരാതി കള്ളമാണെന്നും പരാതിക്കാരിയുടെ സഹോദരിയുമായി തനിക്ക് വിവാഹേതര ബന്ധമുണ്ടെന്നുമാണ് മന്ത്രി പറഞ്ഞത്.
ജനുവരി 10നാണ് എൻസിപി നേതാവും മന്ത്രിയുമായ ധനഞ്ജയ് മുണ്ടെയ്ക്കെതിരെ ഒരു ഗായിക ലൈംഗിക പീഡന പരാതി നൽകിയത്. സിനിമയിൽ പാടാൻ അവസരം നൽകുമെന്നും വിവാഹം കഴിക്കാമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് വീട്ടിൽ ആരുമില്ലാത്തപ്പോൾ വന്ന് ബലാത്സംഗം ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. 2006ലാണ് സംഭവം നടന്നത്. തുടർന്ന് തന്റെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി അതിക്രമം തുടർന്നെന്നും ആരോപിച്ചു.
ഇതിന് പിന്നാലെയാണ് തന്റെ അവിഹിതബന്ധത്തെക്കുറിച്ച് മന്ത്രി തുറന്നു പറഞ്ഞത്. 2003 മുതൽ ഈ ഗായികയുടെ സഹോദരിയുമായി തനിക്ക് ബന്ധമുണ്ട്. ആ ബന്ധത്തിൽ ഒരു മകളും ഒരു മകനുമുണ്ട്. ഇതെല്ലാം തന്‍റെ ഭാര്യയ്ക്കും സുഹൃത്തുക്കൾക്കുമെല്ലാം അറിയാം. മക്കളെയും അമ്മയെയുമെല്ലാം താൻ നോക്കുന്നുണ്ടെങ്കിലും രണ്ട് വർഷം മുൻപ് കൂടുതൽ പണം ആവശ്യപ്പെട്ട് ഭീഷണിയായി. വഴങ്ങില്ലെന്ന് കണ്ടതോടെയാണ് വ്യാജ ആരോപണം ഉന്നയിക്കുന്നത് എന്നുമായിരുന്നു ഫേയ്സ്ബുക്കിൽ കുറിച്ചത്.
പിന്നാലെ ബിജെപിയുടെ മഹിളാ വിഭാഗം മന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് കത്തെഴുതി. വിവാഹേതര ബന്ധം പ്രതിരോധമായി പറഞ്ഞതും പ്രതിപക്ഷം ആയുധമാക്കി. രണ്ട് ഭാര്യമാരെ ഹിന്ദു സംസ്കകാരം അനുവദിക്കുന്നില്ലെന്ന് ബിജെപി നേതാവ് കിരിത് സോമയ്യ പറഞ്ഞു. എൻസിപി നേതൃത്വം വിവാദങ്ങളോട് പ്രതികരിച്ചിട്ടില്ല. അന്തരിച്ച ബിജെപി നേതാവ് ഗോപിനാഥ് മുണ്ഡെയുടെ മരുമകനാണ് ധനഞ്ജയ് മുണ്ഡെ.