ഹോട്ടലിൽ നിന്നും ചിക്കൻ ഫ്രൈഡ് റൈസ് കഴിച്ചു, പണം ചോദിച്ചപ്പോൾ അമിത് ഷായെ വിളിക്കുമെന്ന് ഭീഷണി; ഇറങ്ങി ഓടിയ ബിജെപി പ്രവർത്തകർ പിടിയില്‍ ( വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th January 2021 09:55 AM |
Last Updated: 14th January 2021 09:55 AM | A+A A- |
ഹോട്ടലുടമയെ ഭീഷണിപ്പെടുത്തി ബിജെപി പ്രവര്‍ത്തകര്‍ / സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ നിന്ന്
ചെന്നൈ: ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ മുങ്ങാൻ ശ്രമിച്ച ബിജെപി പ്രവർത്തകർ പിടിയിൽ. ചെന്നൈ റായപേട്ടയിലെ സായിദ് അബൂബക്കർ ഹോട്ടലിൽ വെച്ചായിരുന്നു സംഭവം. പൊലീസ് എത്തിയപ്പോൾ അമിത് ഷായുടെ ഓഫീസിനെ അറിയിക്കുമെന്ന് പ്രവർത്തകർ ഭീഷണി മുഴക്കി. നീണ്ട വാക്കു തർക്കത്തിനൊടുവിൽ പ്രാദേശിക നേതാക്കളെ പോലീസ് പിടികൂടുകയായിരുന്നു.
കട അടയ്ക്കുന്നതിന് തൊട്ടുമുമ്പ് മൂന്ന് ചെറുപ്പക്കാർ എത്തി ചിക്കൻ ഫ്രൈഡ് റൈസ് ആവശ്യപ്പെട്ടു. ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ ഇവർ മടങ്ങാനൊരുങ്ങി. ഇതേത്തുടർന്ന് ഹോട്ടലുടമ തടഞ്ഞു. ഇതോടെ തങ്ങള്‍ ബിജെപി നേതാക്കളാണെന്നും വലിയ സ്വാധീനമുണ്ടെന്നും കട പൂട്ടിക്കുമെന്നും പറഞ്ഞ് ഹോട്ടലുടമയെ ഭീഷണിപ്പെടുത്തി.
ഹോട്ടലുടമ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തിയതോടെ ഉദ്യോഗസ്ഥർക്ക് നേരെയും യുവാക്കൾ കയർത്തു. അമിത് ഷായുടെ ഓഫീസിലേക്ക് നേരിട്ട് വിളിക്കാൻ സ്വാധീനം ഉണ്ടെന്നും പൊലീസുകാരുടെ ജോലി കളയുമെന്നുമായിരുന്നു ഭീഷണി. ഭീഷണിയില്‍ പൊലീസ് കുലുങ്ങാതായതോടെ മൂന്ന് യുവാക്കളും ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.
ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചവരില്‍ രണ്ട് പേർ പൊലീസിന്‍റെ പിടിയിലായി. ബിജെപി പ്രാദേശിക പ്രവർത്തകരായ ഭാസ്ക്കർ, പുരുഷോത്തമൻ എന്നിവരാണ് പിടിയിലായത്. രക്ഷപ്പെട്ട ആൾക്കായി അന്വേഷണം തുടരുകയാണ്.