ജനപ്രിയതയില്‍ പിന്നില്‍ ബിജെപി മുഖ്യമന്ത്രിമാര്‍, കേരളത്തില്‍ പിണറായി അനുകൂല തരംഗം; സര്‍വേ

ജനപ്രിയതയില്‍ പിന്നില്‍ ബിജെപി മുഖ്യമന്ത്രിമാര്‍, കേരളത്തില്‍ പിണറായി അനുകൂല തരംഗം; സര്‍വേ
പിണറായി അരവിന്ദ് കെജരിവാളിനൊപ്പം/ഫയല്‍
പിണറായി അരവിന്ദ് കെജരിവാളിനൊപ്പം/ഫയല്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഇപ്പോഴുള്ള പത്തു ജനപ്രിയ മുഖ്യമന്ത്രിമാരില്‍ ഏഴും ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെന്ന് സര്‍വേ റിപ്പോര്‍ട്ട്. ജനകീയത കുറഞ്ഞ പത്തു മുഖ്യമന്ത്രിമാരില്‍ ഏഴും ബിജെപിയില്‍നിന്നോ സഖ്യകക്ഷികളില്‍നിന്നോ ഉള്ളവര്‍ ആണെന്നും ഐഎഎന്‍എസ്, സീവോട്ടര്‍ സര്‍വേ പറയുന്നു. 

സര്‍വേ പ്രകാരം ഒഡിഷയിലെ നവീന്‍ പട്‌നായിക് ആണ് രാജ്യത്തെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രി. തൊട്ടുതാഴെ ഡല്‍ഹിയിലെ അരവിന്ദ് കെജരിവാള്‍ ഉണ്ട്. ആന്ധ്രയിലെ വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡിയാണ് മൂന്നാമത്. നവീന്‍ ബിജെഡിയുടെയും കെജരിവാള്‍ എഎപിയുടെയും ജഗന്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെയും നേതാക്കളാണ്.

തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനങ്ങള്‍ പരിശോധിച്ചാല്‍ കേരളം, പശ്ചിമ ബംഗാള്‍, അസം എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാര്‍ ജനകീയതയുടെ കാര്യത്തില്‍ ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ്. കേരളത്തില്‍ പിണറായി വിജയനും ബംഗാളില്‍ മമത ബാനര്‍ജിയും അസമില്‍ സര്‍ബാനന്ദ് സോനാവാളും ഭരണാനുകൂല തരംഗം ഉണ്ടാക്കിയിട്ടുണ്ടെന്ന് സര്‍വേ പറയുന്നു. ഇതില്‍ സോനാവാള്‍ മാത്രമാണ് ബിജെപിയില്‍നിന്നുള്ളത്.

ബിജെപിയും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ജനകീയതയില്‍ പിന്നില്‍ ആണെങ്കിലും അതതു സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ജനപ്രിയതയുണ്ട്. എന്നാല്‍ ബിജെപി ഇതര സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാര്‍ക്കാണ് ജനകീയത കൂടുതല്‍. ഇവിടങ്ങളില്‍ മോദി പിന്നിലാണ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കു ബിജെപി ഭരണ സംസ്ഥാനങ്ങളിലും ബിജെപി ഇതര സംസ്ഥാനങ്ങളിലും ജനകീയത ഇല്ലെന്ന് സര്‍വേ പറയുന്നു.

ഉത്തരാഖണ്ഡിലെ ത്രിവേന്ദ്ര സിങ് റാവത്ത് ആണ് രാജ്യത്തെ ഏറ്റവും ജനകീയത കുറഞ്ഞ മുഖ്യമന്ത്രി. ഹരിയാനയിലെ മനോഹര്‍ലാല്‍ ഖട്ടര്‍, പഞ്ചാബിലെ അമരിന്ദര്‍ സിങ് എന്നിവരാണ് തൊട്ടു പിന്നിലെന്ന് സര്‍വേ ഫലത്തില്‍ പറയുന്നു. ഇതില്‍ അമരിന്ദര്‍ കോണ്‍ഗ്രസ് നേതാവാണ്. 

ജനപ്രീയതയുടെ കാര്യത്തില്‍ ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍ വന്നത് പതിനൊന്നു മുഖ്യമന്ത്രിമാരാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ യുപി, കര്‍ണാടക, ബിജെപി സഖ്യകക്ഷി ഭരിക്കുന്ന ബിഹാര്‍ എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാര്‍ ദേശീയ ശരാശരിക്കും താഴെയാണ്. 

ഹരിയാന, കേരളം, പഞ്ചാബ് എന്നിവിടങ്ങളില്‍ മോദിക്കു ജനപിന്തുണ ആര്‍ജിക്കാനായിട്ടില്ല. മോദിയുടെ ജനപിന്തുണ ഏറ്റവും കുറവ് പഞ്ചാബിലാണ്. 

രാജ്യത്ത് മുപ്പതിനായിരം പേരിലാണ് സര്‍വേ നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com