രാജ്യത്ത് കോവിഡ് വാക്സിനേഷന് ഇന്ന് തുടക്കം ; കേരളത്തിൽ 133 കേന്ദ്രങ്ങൾ

രാവിലെ പത്തരക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് വാക്സിനേഷന് തുടക്കം കുറിക്കും
കോവിഡ് വാക്‌സിന്‍ / പിടിഐ ചിത്രം
കോവിഡ് വാക്‌സിന്‍ / പിടിഐ ചിത്രം

ന്യൂഡല്‍ഹി: കാത്തിരിപ്പിന് ഒടുവില്‍ ലോകത്തെ ഏറ്റവും വലിയ കുത്തിവെയ്പ്പിന് ഇന്ന് രാജ്യത്ത് തുടക്കമാകും. രാവിലെ പത്തരക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് വാക്സിനേഷന് തുടക്കം കുറിക്കും. ഇതോടൊപ്പം വാക്‌സിനേഷന്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് വികസിപ്പിച്ച കോ-വിന്‍ പ്ലാറ്റ്‌ഫോമിന്റെ ഉദ്ഘാടനവും മോദി നിര്‍വഹിക്കും. 

രാജ്യമൊട്ടാകെ സജ്ജമാക്കിയിരിക്കുന്ന 3006 ബൂത്തുകളിലൂടെ മൂന്ന് ലക്ഷത്തോളം പേര്‍ക്കാണ്  വാക്സീന്‍ നല്‍കുന്നത്. രാവിലെ 9 മണിമുതല്‍ വൈകീട്ട് 5 വരെയാണ് വാക്സിനേഷന്‍ സമയം. കോവിഷീൽഡ്, കോവാക്സിൻ എന്നീ വാക്സിനുകളാണ് കുത്തിവെയ്ക്കുക. കോവിഷീൽഡിനാണ് മുൻ​ഗണന. ഓരോ കേന്ദ്രത്തിലും തുടക്കത്തില്‍ 100 പേര്‍ക്ക് വീതമാണ് വാക്‌സിന്‍ നല്‍കുക. 

ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം മുന്‍നിര പോരാളികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ കോവിഡ് പ്രതിരോധ കുത്തിവെയ്പ് നടത്തുക. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. 18 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമേ നല്‍കാവു. ഗര്‍ഭിണികള്‍ക്കും  മുലയൂട്ടുന്ന അമ്മമാര്‍ക്കും  വാക്സീന്‍ കൊടുക്കരുത്. ഒരേ വാക്സീന്‍ തന്നെ രണ്ട് തവണയും നല്‍കണം എന്നിങ്ങനെ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്. 

കേരളത്തിൽ 133 കേന്ദ്രങ്ങളിലാണ് കോവിഡ് വാക്സിനേഷൻ നൽകുക. എറണാകുളത്ത് 12 ഉം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ 11 ഉം കേന്ദ്രങ്ങളാണുണ്ടാകുക. മറ്റു ജില്ലകളിൽ ഒമ്പതു കേന്ദ്രങ്ങളും  സജ്ജീകരിച്ചിട്ടുണ്ട്. വാക്സിനേഷൻ നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലും വെബ് കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തി. ഓരോ ആൾക്കും 0.5 എം എൽ കോവിഷീൽഡ് വാക്സിനാണ് നൽകുക. എറണാകുളം ജില്ലയിലെ ആരോ​ഗ്യ പ്രവർത്തകരുമായി പ്രധാനമന്ത്രി സംവദിക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com