കാമുകിയെ കൊന്ന് ചുമരില്‍ ഒളിപ്പിച്ചു, ദുര്‍ഗന്ധം പുറത്തുവരാതിരിക്കാന്‍ സിമന്റ് പൂശി വൃത്തിയാക്കി; തെറ്റിദ്ധരിപ്പിക്കാന്‍ വാട്‌സ് ആപ്പ് സന്ദേശവും ; യുവാവ് അറസ്റ്റില്‍

ഒരുമിച്ച് ജോലി ചെയ്തിരുന്ന ഇവര്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


മുംബൈ : കാമുകിയെ കൊലപ്പെടുത്തി ഫ്ലാറ്റിലെ ബാത്‌റൂമിന്റെ ഭിത്തിയില്‍ ഒളിപ്പിച്ച യുവാവ് അറസ്റ്റില്‍. 34 കാരനായ, ഡ്രൈവറായി ജോലി നോക്കുന്ന സൂരജ് ഹര്‍മാല്‍ക്കര്‍ എന്നയാളാണ് അറസ്റ്റിലായത്. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ വാന്‍ഗാവോണിലാണ് സംഭവം. 

സൂരജ് കാമുകി അമിത മോഹിതെ(32) യെയാണ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം മൃതദേഹം വെട്ടിനുറുക്കി ഫഌറ്റിലെ ചുമരിനുള്ളില്‍ ഒളിപ്പിച്ചു. തുടര്‍ന്ന് ദുര്‍ഗന്ധം പുറത്തുവരാതിരിക്കാനായി സിമന്റ് പൂശി ചുമര്‍ വൃത്തിയാക്കി. 

യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വ്യാഴാഴ്ചയാണ് സൂരജ് പിടിയിലാകുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ തെളിവെടുപ്പില്‍ ചുമരില്‍ നിന്നും യുവതിയുടെ അസ്ഥികൂടം ലഭിച്ചു. ഇത് ഡിഎന്‍എ ടെസ്റ്റ് അടക്കമുള്ള ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചതായി പൊലീസ് പറഞ്ഞു. ദുര്‍ഗന്ധം പുറത്തുവരുന്നുണ്ടോ എന്നുറപ്പാക്കാനായി ഇയാള്‍ എല്ലാ ദിവസവും ഫ്‌ലാറ്റില്‍ വന്നിരുന്നതായും പൊലീസ് വെളിപ്പെടുത്തി. 

ആറു വര്‍ഷം മുമ്പാണ് സൂരജ് അമിതയെ കണ്ടുമുട്ടുന്നത്. ഒരുമിച്ച് ജോലി ചെയ്തിരുന്ന ഇവര്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധത്തെ യുവതിയുടെ വീട്ടുകാര്‍ അംഗീകരിച്ചിരുന്നു. 2020 ഒക്ടോബര്‍ 21 ന് സൂരജുമായുള്ള വിവാഹത്തിനുള്ള ഷോപ്പിങ്ങിന് പോകുന്നു എന്നു പറഞ്ഞാണ് യുവതി വീടു വിട്ടുപോകുന്നത്. 

എന്നാല്‍ രാത്രിയായിട്ടും തിരികെ വീട്ടിലെത്തിയില്ല. യുവതിയുടെ മൊബൈല്‍ഫോണില്‍ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. യുവതിയുടെ വീട്ടുകാര്‍ സൂരജിനെ വിളിച്ചപ്പോള്‍, അമിത മോഹിതെ ഗുജറാത്തിലെ വാപിയില്‍ ജോലിക്കായി പോയെന്നാണ് പറഞ്ഞത്. ഇതിന് പിന്നാലെ താനും സൂരജും ജോലിക്കായി വാപ്പിയിലേക്ക് താമസം മാറിയെന്നും, വിവാഹം കഴിച്ചെന്നും കാണിച്ച് യുവതിയുടെ ഫോണില്‍ നിന്നും വീട്ടുകാര്‍ക്ക് വാട്‌സ്ആപ്പ് സന്ദേശവും ലഭിച്ചു. 

എന്നാല്‍ യുവതിയുടെ സഹോദരന്‍ സൂരജിനെ മുംബൈയില്‍ കണ്ടെത്തുകയും പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. യുവതി വാപ്പിയിലേക്ക് പോയെന്ന മൊഴി ഇയാള്‍ പൊലീസിനോടും ആവര്‍ത്തിച്ചു. തുടര്‍ന്ന് വാപ്പിയില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കാമുകിയെ കൊലപ്പെടുത്തിയതായി ഇയാള്‍ സമ്മതിച്ചത്. 

സൂരജിന്റെ ഫ്‌ലാറ്റിലെത്തിയ യുവതി വിവാഹത്തിന് നിര്‍ബന്ധിച്ചു. ഇതേത്തുടര്‍ന്ന് യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് സൂരജ് പറഞ്ഞു. താന്‍ വിവാഹിതനാണെന്നും ഇക്കാര്യം കാമുകിക്ക് അറിയില്ലെന്നും സൂരജ് പൊലീസിനോട് വെളിപ്പെടുത്തി. കാമുകിയുടെ നിര്‍ബന്ധം അസഹനീയമായപ്പോഴാണ്, വിവാഹത്തില്‍ നിന്നും രക്ഷപ്പെടാനായി യുവതിയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് യുവതിയുടെ ഫോണില്‍ നിന്നും വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാന്‍ സന്ദേശങ്ങള്‍ അയച്ചിരുന്നതായും സൂരജ് ഹര്‍മാല്‍ക്കര്‍ പൊലീസിനോട് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com