വര്‍ഗീയ കലാപത്തിന് ശ്രമം; വിഗ്രഹങ്ങള്‍ നശിപ്പിച്ചത് ബിജെപി,ടിഡിപി പ്രവര്‍ത്തകര്‍; 15 പേര്‍ അറസ്റ്റില്‍

ആന്ധ്രപ്രദേശില്‍ ക്ഷേത്രത്തങ്ങളിലെ വിഗ്രഹങ്ങള്‍ നശിപ്പിച്ച കേസുകളില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഡിജിപി ഗൗതം സാവങ്.
ആന്ധ്രാപ്രദേശ് ഡിജിപി ഗൗതം സാവങ്/ ഫയല്‍ ചിത്രം
ആന്ധ്രാപ്രദേശ് ഡിജിപി ഗൗതം സാവങ്/ ഫയല്‍ ചിത്രം

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ ക്ഷേത്രത്തങ്ങളിലെ വിഗ്രഹങ്ങള്‍ നശിപ്പിച്ച കേസുകളില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഡിജിപി ഗൗതം സാവങ്. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും ബിജെപി, ടിഡിപി പ്രവര്‍ത്തകരായ 21പേര്‍ക്ക് പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ 15പേരെ പൊലീസ് പിടികൂടി. ഒന്‍പത് കേസുകളിലായി 17 ടിഡിപി പ്രവര്‍ത്തകരെയും നാല് ബിജെപി പ്രവര്‍ത്തകരെയുമാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് എതിരെ പ്രചാരണം നടത്താനാണ് ഇവര്‍ ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്തതെന്നും ഡിജിപി വ്യക്തമാക്കി. ഇവര്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി വര്‍ഗീയ പ്രചാരണങ്ങള്‍ നത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ക്ഷേത്രങ്ങള്‍ നേരെയുള്ള ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പങ്കുണ്ടെന്ന് നേരത്തെ ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ ഡിജിപിയുടെ വെളിപ്പെടുത്തലിനെ തള്ളി ടിഡിപി രംഗത്തെത്തി. 

ഇതുവരെയുള്ള കേസുകളുടെ അന്വേഷണത്തില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന സാമുദായിക ഐക്യത്തെ തകര്‍ക്കാന്‍ മനപൂര്‍വമായ ശ്രമങ്ങള്‍ നടന്നതായും നിക്ഷിപ്ത താല്‍പ്പര്യ ഗ്രൂപ്പുകളുടെയും ചില രാഷ്ട്രീയ പാര്‍ട്ടികളുടെയും പങ്കാളിത്തവും കണ്ടെത്തിയെന്ന് ഡിജിപി വ്യക്തമാക്കി. 
2020 സെപ്റ്റംബര്‍ 12ന് രാജമഹേന്ദ്രവാരത്ത് വിനായക പ്രതിഷ്ഠ നശിപ്പിച്ച കേസില്‍ രണ്ട് ടിഡിപി പ്രവര്‍ത്തകര്‍ക്കും രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതായി ഡിജിപി പത്ര സമ്മേളനത്തില്‍ പറഞ്ഞു. 

കടപ്പ ജില്ലയിലെ ബഡവേല്‍ മണ്ഡലില്‍ ആഞ്ജനേയ പ്രതിമയില്‍ ചെരുപ്പ് തൂക്കിയ സംഭവത്തില്‍ ഒരു ടിഡിപി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡിസംബര്‍ 5നാണ് ഈ സംഭവം നടന്നത്. 

ഡിസംബര്‍ 29ന് മദ്ദമ്മ ക്ഷേത്രം നശിപ്പിച്ച കേസില്‍ എട്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ നാലുപേര്‍ ടിഡിപി പ്രവര്‍ത്തകരാണ്. കുര്‍ണൂലിലെ മലമണ്ഡയില്‍ ആഞ്ജനേയ ക്ഷേത്രത്തിലെ സീതാ രാമ വിഗ്രഹം തകര്‍ത്ത കേസില്‍ ക്ഷേത്ര കമ്മിറ്റി ചെയര്‍മാനായ ടിഡിപി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. വ്യാജ പ്രചാരണം നടത്തിയതിന് രണ്ട് മാധ്യമപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com