കോവാക്സിൻ എടുക്കുന്നവർക്ക് പ്രത്യേക സമ്മതപത്രം; ഫലപ്രാപ്തി ഉറപ്പായിട്ടില്ല, ബുദ്ധിമുട്ടുണ്ടായാൽ നഷ്ടപരിഹാരം നൽകും
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th January 2021 03:19 PM |
Last Updated: 16th January 2021 03:19 PM | A+A A- |
കോവിഡ് വാക്സിന്റെ ഡ്രൈ റണ്ണിൽ ഡോസ് സ്വീകരിക്കുന്ന ആരോഗ്യപ്രവർത്തക/ എക്സ്പ്രസ് ഫോട്ടോ
ന്യൂഡൽഹി: കോവിഡ് മഹാമാരിക്കെതിരെയുള്ള പ്രതിരോധയജ്ഞത്തിന് തുടക്കം കുറിച്ചുകൊണ്ട് സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡും ഭാരത് ബയോടെക്കിന്റെ കോവാക്സിനും ജനങ്ങളിലേക്കെത്തി. മൂന്നാംഘട്ട ട്രയൽ പൂർത്തിയാക്കാത്ത കോവാക്സിൻ എടുക്കുന്നവർക്ക് പ്രത്യേക സമ്മതപത്രം ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ക്ലിനിക്കൽ ട്രയലിന്റെ ആദ്യ രണ്ട് ഘട്ടങ്ങളിലും കോവാക്‌സിൻ കോവിഡിനെതിരെ ആന്റീബോഡികൾ നിർമ്മിക്കാനുള്ള കഴിവ് തെളിയിച്ചിട്ടുണ്ടെങ്കിലും മരുന്നിന്റെ ഫലപ്രാപ്തി ഇനിയും ഉറപ്പായിട്ടില്ലെന്നും ഇപ്പോഴും പരീക്ഷണഘട്ടത്തിലാണെന്നുമാണ് സമ്മതപത്രത്തിൽ പറഞ്ഞിരിക്കുന്നത്.
വാക്‌സിൻ മൂന്നാം ഘട്ട പരീക്ഷണത്തിലാണെന്നും അതുകൊണ്ട് മരുന്ന് കുത്തിവച്ചതുകൊണ്ട് കോവിഡിനെതിരെയുള്ള മറ്റ് മുൻകരുതലുകൾ പാലിക്കണ്ടെന്ന് അർത്ഥമില്ലെന്നും സമ്മതപത്രത്തിൽ കൊടുത്തിട്ടുണ്ട്. വാക്സിനെടുക്കുന്നവർക്ക് എന്തെങ്കിലും ഗുരുതരാവസ്ഥ ഉണ്ടായാൽ ആരോഗ്യ കേന്ദ്രത്തിൽ മികച്ച പരിചരണം നൽകുമെന്നും ഇത്തരം അപകടഘട്ടത്തിൽ നഷ്ടപരിഹാരം ഭാരത് ബയോടെക് നൽകുമെന്നും കൺസെന്റ് ഫോമിൽ പറയുന്നു.
പ്രതിപക്ഷമടക്കം കോവാക്സിന് അനുമതി നൽകിയതിനെതിരെ ഗുരുതരമായ ആശങ്കകൾ ഉയർത്തിയിരുന്നു. അതേസമയം കോവാക്സിന്റെ ഫലപ്രാപ്തിയെ ചോദ്യം ചെയ്തുള്ള അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നാണ് പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞത്.