റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തുമെന്ന് കര്‍ഷകര്‍

ഞങ്ങള്‍ റിപ്പബ്ലിക് ദിന പരേഡിന് തടസ്സം സൃഷ്ടിക്കുകയില്ല
കര്‍ഷകസമരത്തില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ /ട്വിറ്റര്‍ ചിത്രം
കര്‍ഷകസമരത്തില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ /ട്വിറ്റര്‍ ചിത്രം

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ പ്രഖ്യാപിച്ച ട്രാക്ടര്‍ റാലി പിന്‍വലിക്കില്ലെന്ന് കര്‍ഷകര്‍. കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത് കിസാന്‍ മോര്‍ച്ചയാണ് ജനുവരി 26ന് പ്രഖ്യാപിച്ച കിസാന്‍ ട്രാക്ടര്‍ മാര്‍ച്ച് നടത്തുമെന്ന് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നേതാക്കള്‍ അറിയിച്ചു. 

കര്‍ഷക സംഘടനകളുടെ കൊടിക്കൊപ്പം ദേശീയപതാകയും ട്രാക്ടറില്‍ കെട്ടുമെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൊടി ഉപയോഗിക്കില്ലെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു. ഡല്‍ഹിയില്‍ എത്താന്‍ കഴിയാത്തവര്‍ അവരുടെ ഗ്രാമങ്ങളില്‍ ട്രാക്ടര്‍ മാര്‍ച്ച് നടത്തുമെന്നും കര്‍ഷകസംഘടനാ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കര്‍ഷകര്‍ റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തുന്നതിനെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എതിര്‍ത്തിരുന്നു. രാജ്യത്തിന് അപമാനമാകുമെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. ആയിരം ട്രാക്ടറുകള്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് കര്‍ഷകര്‍ അവകാശപ്പെടുന്നത്. റാലി സമാധാനപരമായിരിക്കുമെന്നും രാജ്പഥില്‍ നടക്കുന്ന പരേഡിനെ തടസ്സപ്പെടുത്തില്ലെന്നും കര്‍ഷകര്‍ കൂട്ടിച്ചേര്‍ത്തു.

ഞങ്ങള്‍ റിപ്പബ്ലിക് ദിന പരേഡിന് തടസ്സം സൃഷ്ടിക്കുകയില്ല- ഡല്‍ഹിയിലെ സിംഘു അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകനേതാക്കളില്‍ ഒരാള്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. നഗരത്തിന് ചുറ്റുമുള്ള ഔട്ടര്‍ റിങ് റോഡിലൂടെയാകും അമ്പതു കിലോമീറ്റര്‍ നീളമുള്ള ട്രാക്ടര്‍ റാലി സംഘടിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി, ഹരിയാണ പോലീസ് സേന റാലിയുമായി സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഈ പരേഡ് സമാധാനപരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കര്‍ഷക സംഘടന നേതാവ് ബല്‍ദേവ് സിങ് സിര്‍സ ഉള്‍പ്പെടെ നാല്‍പ്പതു പേരെ ഇന്ന് എന്‍െഎ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയതിനെ കര്‍ഷക സംഘടനാ നേതാക്കള്‍ വിമര്‍ശിച്ചു. നിരോധിത സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനാണ് സിര്‍സ ഉള്‍പ്പെടെയുള്ളവരെ വിളിച്ചു വരുത്തിയിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com