60 രൂപയ്ക്കായി 55കാരനെ കൊലപ്പെടുത്തി; യുവാക്കള്‍ അറസ്റ്റില്‍

മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്ത് മുറിച്ച നിലയിലായിരുന്നു മൃതദേഹം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: റിക്ഷാ തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട്  യുവാക്കള്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. റിക്ഷ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു കൊലപാതകം. ദിലീപ് ഹല്‍ദാര്‍(20), ചോത്താന്‍ സിങ്(24) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ഈസ്റ്റ് ഡല്‍ഹിയിലെ അശോക് നഗര്‍ സ്വദേശികളാണ്.

വെള്ളിയാഴ്ച്ച രാത്രിയാണ് 55 വയസ്സ് തോന്നിക്കുന്ന മധ്യവയസ്‌കന്റെ മൃതദേഹം ഈസ്റ്റ് ഡല്‍ഹിയിലെ ദഷ്‌മേഷ് പബ്ലിക് സ്‌കൂളിന് സമീപമുള്ള കുറ്റിക്കാട്ടില്‍ കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്ത് മുറിച്ച നിലയിലായിരുന്നു മൃതദേഹം. കല്ലുകൊണ്ട് തലയും ഇടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച്ചയാണ് മരിച്ചയാള്‍ ജിബന്‍ മസുംദാര്‍ എന്ന റിക്ഷാ തൊഴിലാളിയാണെന്ന് തിരിച്ചറിയുന്നത്. ഇയാളുടെ റിക്ഷയും കാണാതായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാക്കളുടെ പങ്ക് വ്യക്തമാക്കിയത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ തട്ടിയെടുത്ത റിക്ഷയും പൊലീസ് കണ്ടെത്തി. കൊല്ലപ്പെട്ട ജിബന്‍ മസുംദാറിന് ചോത്താന്‍ സിങ്ങിനെ മുന്‍പരിചയമുണ്ടായിരുന്നു. വ്യാഴാഴ്ച്ച രാത്രി മസുംദാറിനെ ഒരു പാര്‍ട്ടിക്ക് ചോത്താന്‍ ക്ഷണിച്ചു. തുടര്‍ന്ന് ദഷ്‌മേഷ് സ്‌കൂളിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചു.

മസുംദാറിന്റെ പക്കലുള്ള പണവും റിക്ഷയും തട്ടിയെടുക്കാന്‍ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ചായിരുന്നു പ്രതികളുടെ പ്രവര്‍ത്തിയെന്ന് പൊലീസ് പറയുന്നു. ചോത്താന്‍ സിങ്ങില്‍ നിന്നും മസുംദാറിന്റെ പഴ്‌സും പൊലീസ് കണ്ടെത്തി.വെറും അറുപത് രൂപ മാത്രമായിരുന്നു മസുംദാറിന്റെ പഴ്‌സിലുണ്ടായിരുന്നത്. ഇതിനുവേണ്ടിയാണ് പ്രതികള്‍ കൊലപാതകം നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com