രാജ്യത്ത് ആകെ രണ്ടു ലക്ഷം കോവിഡ് രോഗികള്‍ ; 68,617 പേരും കേരളത്തില്‍

രാജ്യത്ത് ഇതുവരെ 4,54,049 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു
കോവിഡ് പരിശോധന / ഫയല്‍ ചിത്രം
കോവിഡ് പരിശോധന / ഫയല്‍ ചിത്രം

ന്യൂഡല്‍ഹി : രാജ്യത്ത് നിലവില്‍ കോവിഡ് ബാധിച്ച് അരലക്ഷത്തിലേറെ രോഗികള്‍ ചികില്‍സയിലുള്ളത് കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ ആകെ രോഗികളില്‍ 60 ശതമാനവും ഈ സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

കേരളത്തില്‍ 68,617 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. മഹാരാഷ്ട്രയില്‍ 51,887 പേരും ചികില്‍സയിലുണ്ട്. രാജ്യത്ത് ഇതുവരെ 4,54,049 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. 0.18 ശതമാനം പേര്‍ക്കു മാത്രമാണ് നേരിയ പാര്‍ശഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 

ഇതില്‍ 0.002 ശതമാനം പേരെ മാത്രമേ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നിട്ടുള്ളൂ എന്നും ആരോഗ്യസെക്രട്ടറി പറഞ്ഞു. രാജ്യത്താകെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.53 ശതമാനമാണ്. കഴിഞ്ഞ ആഴ്ചയില്‍ 1.99 ശതമാനമാണ്. കോവിഡ് മരണനിരക്ക് 1.44 ശതമാനമാണ്. കഴിഞ്ഞ ഒരാഴ്ചയായി 1.2 ശതമാനമായി കുറഞ്ഞതായും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

രാജ്യത്താകെ 1.05 കോടി പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ നിലവില്‍ ചികില്‍സയിലുള്ളത് രണ്ടു ലക്ഷം പേര്‍ മാത്രമാണ്. ആകെ മരണം 1.52 ലക്ഷം പേരാണ്. ഇതുവരെ 18.7 കോടി ടെസ്റ്റുകള്‍ നടത്തിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com