വാട്‌സ് ആപ്പ് സ്വകാര്യ ആപ്പ്, താത്പര്യം ഇല്ലാത്തവര്‍ക്ക് ഉപേക്ഷിക്കാം: കോടതി

വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാനയം ചോദ്യംചെയ്യുന്ന ഹർജിയിലാണ് കോടതിയുടെ പരാമർശം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ന്യൂഡൽഹി: വാട്‌സാപ്പ് സ്വകാര്യ മൊബൈൽ ആപ്പാണെന്നും, അതിന്റെ നയം ഇഷ്ടമുണ്ടെങ്കിൽ അംഗീകരിച്ചാൽ മതിയെന്നും ഡൽഹി ഹൈക്കോടതി. വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാനയം ചോദ്യംചെയ്യുന്ന ഹർജിയിലാണ് കോടതിയുടെ പരാമർശം.

താത്പര്യമില്ലാത്തവർക്ക് വാട്‌സാപ്പ് ഉപേക്ഷിക്കാമെന്ന് പറഞ്ഞ കോടതി  സമയക്കുറവു കാരണം കേസ് പരിഗണിക്കുന്നത് കോടതി ജനുവരി 25-ലേക്കു മാറ്റി. ജസ്റ്റിസ് സഞ്ജീവ് സച്‌ദേവിന്റേതാണ് പരാമർശം. മൊബൈൽ ആപ്പുകളുടെ ചട്ടങ്ങളും നിബന്ധനകളും വായിച്ചുനോക്കിയാൽ എന്തിനെല്ലാമാണ് സമ്മതം നൽകിയതെന്നറിഞ്ഞ് നിങ്ങൾ ആശ്ചര്യപ്പെടുമെന്ന് കോടതി പറഞ്ഞു.

നിങ്ങളുടെ എല്ലാ വിവരങ്ങളും ഗൂഗിൾ മാപ്പുപോലും ശേഖരിച്ച് സംഭരിക്കുന്നുണ്ട്. ഏതു വിവരം പുറത്തുവിടുമെന്നാണ് ഹർജിക്കാർ പറയുന്നതെന്നും കോടതി ചോദിച്ചു. എന്നാൽ വിഷയം പരിശോധിക്കേണ്ടതുതന്നെയാണെന്ന കോടതിയുടെ നിലപാടിനോട് കേന്ദ്രവും യോജിച്ചു. അതേസമയം, ഹർജി നിലനിൽക്കുന്നതല്ലെന്ന് വാട്‌സാപ്പിനും ഫെയ്‌സ്ബുക്കിനും വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, മുകുൾ റോഹ്തഗി എന്നിവർ വാദിച്ചു.

വ്യക്തിപരമായ സന്ദേശങ്ങളെല്ലാം എൻക്രിപ്റ്റഡ് ആയിത്തന്നെ തുടരും. വാട്‌സാപ്പ് വഴിയുള്ള ബിസിനസ് ചാറ്റുകൾക്ക് മാത്രമാണ് പുതിയ നയം ബാധകമാവുകയെന്നും അവർ വാദിച്ചു. ജനുവരി നാലിനാണ് വാട്സാപ്പ് അവരുടെ സ്വകാര്യതാനയം പുതുക്കിയത്. അവരുടെ നിബന്ധനകൾ അംഗീകരിക്കണമെന്നത് നിർബന്ധമാക്കിയിരുന്നു. അല്ലാത്തപക്ഷം അക്കൗണ്ടുകൾ ഒഴിവാക്കാനായിരുന്നു വ്യക്തികൾക്കുള്ള നിർദേശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com