മാറാരോഗത്തിന് കാരണം പിണങ്ങിക്കഴിയുന്ന ഭാര്യയുടെ ദുര്‍മന്ത്രവാദം; പരിഹാരത്തിന് മാന്ത്രിക പ്രാവുകള്‍; ആള്‍ദൈവം കൈക്കലാക്കിയത് 6,80,000 രൂപ; കേസ്

മകന്റെ മാറാരോഗത്തിന് കാരണം 2017ല്‍ വേര്‍പിരിഞ്ഞു താമസിക്കുന്ന ഭാര്യ നടത്തിയ മന്ത്രവാദത്തിന്റെ ഭാഗമാണെന്ന് ആള്‍ദൈവം കുടുംബത്തെ പറഞ്ഞ് വിശ്വസിപ്പിച്ചു 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പൂനെ:  മാന്ത്രികപ്രാവുകളെ ഉപയോഗിച്ച് രോഗം മാറ്റാമെന്ന് പറഞ്ഞ് ഐടി ജീവനക്കാരനെ വഞ്ചിച്ച കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ ദൈവത്തിനെതിരെ പൊലീസ് കേസ് എടുത്തു. 36കാരനായ കുത്തബ്്ദ്ദീന്‍ നാജ്മിക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം

അബിസാര്‍ ജുസാര്‍ ഫത്തേപ്പൂര്‍വാലയാണ് ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ഇയാളുടെ സഹോദരന്‍ ഹുസേഫ ദീര്‍ഘനാളായി വിവിധ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലാണ്. രോഗശാന്തിക്കായി ഇയാള്‍ കാണാത്ത ഡോക്ടര്‍മാരില്ല. അതിനിടെ കഴിഞ്ഞ വര്‍ഷം നവംബര്‍ 25ന് രോഗിയായ ഹുസേഫയുടെ അമ്മ ഷെയ്ക്ക് ഹക്കിമൂദ്ദീന്‍ എന്നയാളെ കണ്ടുമുട്ടി. അയാള്‍ ഇവരുടെ നമ്പര്‍ വാങ്ങുകയും മകന്റെ രോഗം സുഖപ്പെടുത്തുന്ന ആള്‍ദൈവത്തെ പരിചയപ്പെടുത്താമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു.

്അതിന് പിന്നാലെ സ്വയം പ്രഖ്യാപിത ആള്‍ദൈവം നാജ്മി ഇവരുടെ വീട്ടിലെത്തി ഹുസെഫയുടെ പിതാവിനോട് മിതാനഗറിലെ വീട്ടിലെത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അമ്മയും അച്ഛനും സഹോദരനും ആള്‍ദൈവത്തിന്റെ വീട്ടിലെത്തി. മകന്റെ മാറാരോഗത്തിന് കാരണം 2017ല്‍ വേര്‍പിരിഞ്ഞു താമസിക്കുന്ന ഭാര്യ നടത്തിയ മന്ത്രവാദത്തിന്റെ ഭാഗമാണെന്ന് പറഞ്ഞു. കുടുംബവിവരങ്ങള്‍ ഒന്നും വെളിപ്പെടുത്താതെ തന്നെ ആള്‍ദൈവം കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞതോടെ കുടുംബം കെണിയില്‍ വീഴുകയായിരുന്നു. കൂടാതെ കുടുംബത്തിലെ രണ്ട് അംഗങ്ങള്‍ മന്ത്രവിദ്യയുടെ സ്വാധീനത്തിലാണെന്ന് അറിയിക്കുകയും ചെയ്തു.

ആഴ്ചകള്‍ക്ക് ശേഷം രോഗം സുഖപ്പെടുത്താന്‍ അത്ഭുതശക്തിയുള്ള ഒരു ചികിത്സയുണ്ടെന്നും അതിനായി നാല് മാന്ത്രിക പ്രാവുകളെ വാങ്ങാന്‍ 6,80,000രൂപ ആവശ്യപ്പെടുകയും ചെയ്തു. ഇത് വിശ്വസിച്ച കുടുംബം പണം നല്‍കുകയും ചെയ്തു. എന്നാല്‍ ഇത് വ്യാജമാണെന്ന് മനസിലാക്കിയ കുടുംബം തുക തിരികെ ചോദിച്ചു. എന്നാല്‍ മൂന്ന് ലക്ഷം മാത്രമാണ് ഇയാള്‍ തിരികെ നല്‍കിയത്. 

ഇന്നലെയാണ് സ്വയം പ്രഖ്യാപിത ദൈവത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. രോഗിയായ മകന്‍ മരിക്കുമെന്നും അത്ഭുത ചികിത്സനടത്തി മാന്ത്രിക പ്രാവുകള്‍ രോഗം മാറ്റുമെന്ന് ഇയാള്‍ കുടുബത്തെ വിശ്വസിപ്പിച്ചതായും പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ ഐപിസി 386, 420, 506, 34 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുയാണെന്നും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com