'ഞെട്ടിക്കുന്ന നിസ്സംഗത, ധാര്‍ഷ്ട്യം'; കര്‍ഷക സമരത്തില്‍ കേന്ദ്രത്തിനെതിരെ സോണിയ

ചര്‍ച്ചകള്‍ എന്ന പേരില്‍ നടക്കുന്നത് വെറും നാട്യമാണെന്നും സോണിയ
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി/ ഫയല്‍ ചിത്രം
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി/ ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കര്‍ഷക സമരത്തോട് നടുക്കമുളവാക്കുന്ന നിസ്സംഗതയും ധാര്‍ഷ്ട്യവുമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ചര്‍ച്ചകള്‍ എന്ന പേരില്‍ നടക്കുന്നത് വെറും നാട്യമാണെന്നും സോണിയ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് സോണിയയുടെ വിമര്‍ശനം.

സര്‍ക്കാര്‍ തിടുക്കപ്പെട്ടാണ് കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നതെന്ന് സോണിയ പറഞ്ഞു. നിയമങ്ങള്‍ പരിശോധിക്കാനുള്ള സാവകാശം പാര്‍ലമെന്റിനു നല്‍കിയില്ല. ഇതു ബോധപൂര്‍വമാണ്. 

കാര്‍ഷിക നിയമങ്ങളില്‍ കോണ്‍ഗ്രസിന്റെ നിലപാട് തുടക്കം മുതല്‍ സുവ്യക്തമാണ്. താങ്ങുവില, സംഭരണം, പൊതുവിതരണ സമ്പ്രദായം എന്നിവയെ അടിസ്ഥാനമാക്കിയാണ് രാജ്യത്തെ ഭക്ഷ്യസുരക്ഷ നിലനില്‍ക്കുന്നത്. അതിനെ സമ്പൂര്‍ണമായി തകര്‍ക്കുന്നതാണ് കാര്‍ഷിക നിയമങ്ങള്‍. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് അവയെ പാടേ തള്ളുന്നതായി സോണിയ പറഞ്ഞു.

കോവിഡ് മഹാമാരിയെ സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി രാജ്യത്തെ ജനങ്ങളെ കൊടും ദുരിതത്തിലാണ് എത്തിച്ചതെന്ന് സോണിയ കുറ്റപ്പെടുത്തി. അതു മാറാന്‍ വര്‍ഷങ്ങളെടുക്കും. കോവിഡ് വാക്‌സിനേഷന്‍ പ്രക്രിയ വിജയകരമായി തീരുമെന്ന് അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. 

സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നത് രാജ്യദ്രോഹമാണെന്ന്, അര്‍ണബ് ഗോസ്വാമി ട്വീറ്റ് പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട് സോണിയ പറഞ്ഞു. മറ്റുള്ളവര്‍ക്ക് രാജ്യസ്‌നേഹ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നടക്കുന്നവരുടെ യഥാര്‍ഥ മുഖം ഇപ്പോള്‍ വെളിവായിരിക്കുകയാണെന്ന സോണിയ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com