'ഞാന്‍ നിങ്ങളുടെ ചോദ്യങ്ങള്‍ കേള്‍ക്കുന്നു, മോദി ഇത് ചെയ്യുന്നത് എന്നെങ്കിലും കണ്ടിട്ടുണ്ടോ?'; രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
ചിത്രം: എക്‌സ്പ്രസ്‌
ചിത്രം: എക്‌സ്പ്രസ്‌


ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഞാന്‍ നിങ്ങളോട് സംസാരിക്കുന്നുണ്ട്, നിങ്ങളില്‍ നിന്ന് ചോദ്യങ്ങള്‍ സ്വീകരിക്കുന്നു. നമ്മുടെ പ്രധാനമന്ത്രി ഇത് ചെയ്യുന്നത് എന്നെങ്കിലും നിങ്ങള്‍ കണ്ടിട്ടുണ്ടോ?'- അദ്ദേഹം ചോദിച്ചു. 

'ഒരു മുറിയില്‍ ഇരുന്ന് വലിയ ബിസിനസുകാരായ അഞ്ചുപേരോട് മാത്രമാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്.അദ്ദേഹം ഒരിക്കലും കര്‍ഷകരോടും തൊഴിലാളികളോടും ചെറുകിട വ്യാപാരികളോടും സംസാരിക്കാറില്ല' എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 

'നരേന്ദ്ര മോദിയെ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കാന്‍ അനുവദിക്കാതെ കര്‍ഷകര്‍ സമരം ചെയ്യുന്നത് കാണുമ്പോള്‍ അഭിമാനമുണ്ട്. മോദിക്ക് പാവപ്പെട്ടവരുടെ ശക്തിയെക്കുറിച്ച് അറിയില്ല. അതെന്താണെന്ന് മനസ്സിലാക്കിക്കൊടുക്കലാണ് നമ്മുടെ ജോലി'-രാഹുല്‍ പറഞ്ഞു. 

'സ്ത്രീകള്‍ക്കു തുല്യ സ്ഥാനം നല്‍കാതെ  ഒരു രാജ്യത്തിനും മുന്നോട്ടുപോകാനാവില്ല. നിര്‍ഭാഗ്യവശാല്‍ ഇന്ന് നമ്മുടെ രാജ്യത്തെ ഭരിക്കുന്ന സംഘടന ഒരു ഫാസിസ്റ്റ്, പുരുഷ മേധാവിത്വ സംഘടനയാണ്. സ്ത്രീകള്‍ക്ക് ആര്‍എസ്എസില്‍ സ്ഥാനമില്ല. നിങ്ങള്‍ സ്ത്രീകളെ ബഹുമാനിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഉറപ്പായും നിങ്ങളുടെ സംഘടനയില്‍ തുല്യ പ്രാധാന്യം നല്‍കും'-രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com