കര്‍ഷക നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടു ?; അക്രമിയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കി കര്‍ഷകര്‍ ; സിംഘുവില്‍ നാടകീയ നീക്കങ്ങള്‍

ജനുവരി 26ന് പ്രക്ഷോഭകര്‍ക്കിടയില്‍ കൂടിചേരാനും സമരത്തിനിടെ വെടിയുതിര്‍ക്കാനുമായിരുന്നു പദ്ധതി
അക്രമിയെ പിടികൂടി കര്‍ഷകര്‍ / എഎന്‍ഐ ചിത്രം
അക്രമിയെ പിടികൂടി കര്‍ഷകര്‍ / എഎന്‍ഐ ചിത്രം


ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സമരം നടക്കുന്ന സിംഘു അതിര്‍ത്തിയില്‍ നാടകീയ നീക്കങ്ങള്‍. സമരം നടത്തുന്ന കര്‍ഷക നേതാക്കളെ വധിക്കാനെത്തിയ ആളെ കര്‍ഷകര്‍ പിടികൂടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കി. വെള്ളിയാഴ്ച അര്‍ധരാത്രിയാണ് കര്‍ഷകര്‍ വാര്‍ത്താസമ്മേളനം വിളിച്ച് മുഖംമൂടിധാരിയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കിയത്. 

കഴിഞ്ഞ ദിവസം രാത്രിയാണ് സംശയാസ്പദമായ രീതിയില്‍ സിംഘുവില്‍ നിന്ന് കര്‍ഷകര്‍ ഇയാളെ പിടികൂടിയത്. തുടര്‍ന്ന് ഇയാളെ കര്‍ഷകര്‍ ചോദ്യം ചെയ്തു. ഇതോടെയാണ് ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട് എത്തിയ വ്യക്തിയെന്ന് മനസിലായത്. റിപ്പബ്ലിക്ക് ദിനത്തില്‍ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലി അലങ്കോലപ്പെടുത്താനും, നാല് കര്‍ഷക നേതാക്കളെ വധിക്കാനും ലക്ഷ്യമിട്ടാണ് അക്രമി സംഘമെത്തിയതെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ വ്യക്തമാക്കി. 

കര്‍ഷക നേതാക്കളെ വധിക്കാനും ട്രാക്ടര്‍ റാലി തടസപ്പെടുത്താനും ലക്ഷ്യമിട്ടാണ് എത്തിയതെന്ന് ഇയാള്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. താന്‍ ഉള്‍പ്പെടുന്ന പത്തംഗ സംഘത്തിന്  ഇതിനായി നിര്‍ദ്ദേശം കിട്ടി. ഇതിന് പൊലീസിലെ ചിലരുടെ സഹായമുണ്ടെന്നും ഇയാള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു. ഗൂഢാലോചന നടത്തിയ പൊലീസുകാരുടെ പേരെടുത്ത് ഇയാള്‍ പറയുകയും ചെയ്തിട്ടുണ്ട്. 

രണ്ടു സംഘങ്ങളായി ജനുവരി 19 മുതല്‍ തങ്ങള്‍ ഇവിടെയുണ്ട്. പ്രതിഷേധക്കാരുടെ പക്കല്‍ ആയുധമുണ്ടോയെന്ന് പരിശോധിക്കാനാണ് തങ്ങളെ ചുമതലപ്പെടുത്തിയത്. ജനുവരി 26ന് പ്രക്ഷോഭകര്‍ക്കിടയില്‍ കൂടിചേരാനും സമരത്തിനിടെ വെടിയുതിര്‍ക്കാനുമായിരുന്നു പദ്ധതി. കര്‍ഷകര്‍ പോലീസിനു നേരെ വെടിയുതിര്‍ക്കുന്നുവെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ഇത്. കര്‍ഷകര്‍ ആയുധങ്ങള്‍ ഉപയോഗിച്ചുവെന്ന് പോലീസിന് സ്ഥാപിച്ചെടുക്കാനാണ് തങ്ങളെ ആയുധങ്ങളുമായി ഇങ്ങോട്ടേക്ക് നിയോഗിച്ചത് എന്നും അക്രമി പറഞ്ഞു.

നേരത്തെ കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനകളും നടത്തുന്ന പതിനൊന്നാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. കാര്‍ഷിക നിയമങ്ങളില്‍ അപാകതയില്ലെന്നും നിയമം പിന്‍വലിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കിയതോടെയാണ് ചര്‍ച്ച അലസിപിരിഞ്ഞത്. കേന്ദ്രം മുന്നോട്ട് വച്ച ഉപാധിയെക്കാള്‍ മികച്ചതായി കര്‍ഷകര്‍ക്ക് എന്തെങ്കിലും ഉപാധികളുണ്ടെങ്കില്‍ അറിയിക്കാന്‍ സംഘടനകളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ഷക സമരം അട്ടിമറിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്നുവെന്നും കര്‍ഷക നേതാക്കള്‍ ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com