വാട്ട്‌സ്ആപ്പില്‍ ഇന്ത്യക്കാരോടു വിവേചനം, പരിശോധിക്കും; കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍

യൂറോപ്യന്‍ ഉപയോക്താക്കളോടുള്ള സമീപനമല്ല, വാട്ട്ആപ്പ് ഇന്ത്യയില്‍ സ്വീകരിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: സ്വകാര്യതാ നയത്തിന്റെ കാര്യത്തില്‍ യൂറോപ്യന്‍ ഉപയോക്താക്കളോടുള്ള സമീപനമല്ല, വാട്ട്‌സ്ആപ്പ് ഇന്ത്യയില്‍ സ്വീകരിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍. ഇത് ആശങ്കാജനകമാണെന്നും സര്‍ക്കാര്‍ ഇക്കാര്യം പരിശോധിച്ചുവരികയാണെന്നും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ കോടതിയെ അറിയിച്ചു.

പുതിയ സ്വകാര്യതാ നയം അംഗീകരിക്കാതിരിക്കുന്നതിനുള്ള അവസരം യൂറോപ്യന്‍ ഉപയോക്താക്കള്‍ക്കു വാട്ട്‌സ്ആപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇത് ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുകയാണ്. ഇത് ആശങ്കയുളവാക്കുന്നതാണെന്ന് സര്‍ക്കാര്‍ പറഞ്ഞു. വാട്ട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയത്തിനെതിരായ ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

വിവരങ്ങള്‍ ഫെയ്‌സ്ബുക്കും മറ്റുമായി പങ്കുവയ്ക്കുമെന്നാണ് വാട്ട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം പറയുന്നത്. ഇത് അംഗീകരിക്കാതിരിക്കാനുള്ള അവസരം ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കു നല്‍കുന്നില്ല. വിവേചനപരമായ ഈ നയത്തില്‍ വിശദീകരണം തേടി സര്‍ക്കാര്‍ വാട്ട്‌സ്ആപ്പിനു കത്ത് അയച്ചിട്ടുണ്ടെന്ന് ശര്‍മ വ്യക്തമാക്കി.

സര്‍ക്കാരിന്റെ കത്ത് കിട്ടിയിട്ടുണ്ടെന്ന് വാട്ട്‌സ്ആപ്പിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ അറിയിച്ചു. ഇതിന് ഉടന്‍ മറുപടി നല്‍കുമെന്നും സിബല്‍ പറഞ്ഞു.

കേസ് മാര്‍ച്ച് 11നു വീണ്ടും പരിഗണിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com