പ്രതിഷേധക്കൊടുങ്കാറ്റായി ഇന്ന് ട്രാക്ടര്‍ റാലി; ഡല്‍ഹി അതിര്‍ത്തിയിലേക്ക് കര്‍ഷക പ്രവാഹം ; കര്‍ശന സുരക്ഷ

ഒരു ലക്ഷം ട്രാക്ടറുകള്‍ പങ്കെടുക്കുമെന്നാണ് കര്‍ഷകസംഘടനകളുടെ പ്രഖ്യാപനം
കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലി റിഹേഴ്‌സലില്‍ നിന്ന്/ ചിത്രം: പിടിഐ
കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലി റിഹേഴ്‌സലില്‍ നിന്ന്/ ചിത്രം: പിടിഐ

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന കര്‍ഷകര്‍ ഡല്‍ഹിയില്‍ ഇന്ന് ട്രാക്ടര്‍ റാലി നടത്തും. രാജ്പഥില്‍ റിപ്പബ്ലിക് ദിന പരേഡ് അവസാനിക്കുമ്പോള്‍ ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകശക്തി വിളിച്ചോതുന്ന ട്രാക്ടര്‍ റാലിക്ക് തുടക്കമാകും. 

തലസ്ഥാന നഗരിയെ വലയം വെക്കുംവിധം 100 കിലോമീറ്റര്‍ ദൂരത്തില്‍ ഡല്‍ഹി ഔട്ടര്‍ റിംഗ് റോഡില്‍ റാലി സംഘടിപ്പിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. സിംഘു , തിക്രി, ഗാസിപുര്‍ എന്നിവിടങ്ങളില്‍ നിന്ന്  ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക്  റാലി തുടങ്ങും. 

ഡല്‍ഹിക്ക് അകത്ത് പ്രവേശിച്ച് തിരികെ സമരഭൂമിയിലെത്തുന്ന തരത്തിലാണ് ക്രമീകരണം. ട്രാക്ടറുകളില്‍ ദേശീയ പതാകയും കര്‍ഷക സംഘടനകളുടെ കൊടികളും മാത്രം ഉപയോഗിക്കും. അയ്യായിരം ട്രാക്ടറുകള്‍ക്കാണ് റാലിയില്‍ പൊലീസ് അനുമതി എന്നാല്‍ ഒരു ലക്ഷം ട്രാക്ടറുകള്‍ പങ്കെടുക്കുമെന്നാണ് കര്‍ഷകസംഘടനകളുടെ പ്രഖ്യാപനം.

റാലിയില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലേക്ക് കര്‍ഷകരുടെ പ്രവാഹമാണ്. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സിംഘു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികളില്‍ കര്‍ഷക സംഘടനകളും പൊലീസും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. പൊലീസുമായി ഉണ്ടാക്കിയ ധാരണ അനുസരിച്ച് അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ കര്‍ഷക സംഘടനകള്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. 

ട്രാക്ടര്‍ റാലിക്ക് പിന്നാലെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ബജറ്റ് ദിനമായ ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റിലേക്ക് കാല്‍നടമാര്‍ച്ച് കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സമരഭൂമിയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com