ഡല്‍ഹി അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു; ഗതാഗതം നിരോധിച്ചു, മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു; ചെങ്കോട്ടയില്‍ പൊലീസ് നടപടി

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷകരുടെ ട്രാക്ടര്‍ റാലിയില്‍ സംഘര്‍ഷം ഉടലെടുത്ത സാഹചര്യത്തില്‍ ഡല്‍ഹി അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു.
കര്‍ഷകരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷം/പിടിഐ
കര്‍ഷകരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷം/പിടിഐ

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷകരുടെ ട്രാക്ടര്‍ റാലിയില്‍ സംഘര്‍ഷം ഉടലെടുത്ത സാഹചര്യത്തില്‍ ഡല്‍ഹി അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. തലസ്ഥാന നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗതാഗതം നിരോധിച്ചു. വിവിധ മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു. 

എന്‍എച്ച് 44, ജി ടി കെ റോഡ്, ഔട്ടര്‍ റിങ് റോഡ്, സിഗ്നേചര്‍ ബ്രിഡ്ജ്, ജി ടി റോഡ്, ഐഎസ്ബിടി റിങ് റോഡ്, വികാസ് മാര്‍ഗ്, ഐടിഒ,എന്‍എച്ച് 24, നിസാമുദ്ദിന്‍ ഖത്ത, നോയിഡ ലിങ്ക് റോഡ്് എന്നിവയിലെ ഗതാഗതമാണ് നിരോധിച്ചത്. 

ചെങ്കോട്ട വളഞ്ഞ കര്‍ഷകരെ പിരിച്ചുവിടാനായി പൊലീസ് നടപടി ആരംഭിച്ചു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. എന്നാല്‍ പൊലീസ് നടപടിയില്‍ പിന്തിരിയാതെ ചില പ്രതിഷേധക്കാര്‍, ചെങ്കോട്ടയ്ക്ക് മുകളില്‍ സ്ഥാനമുറപ്പിച്ചു. 

അതേസമയം,കര്‍ഷകരും പൊലീസും തമ്മില്‍ നടന്ന സംഘര്‍ഷത്തിനിടെ ഒരാള്‍ മരിച്ചു. ഉത്തരാഖണ്ഡ് സ്വദേശിയാണ് മരിച്ചത്. പൊലീസ് വെടിവെയ്പ്പിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് കര്‍ഷകര്‍ ആരംഭിച്ചു. മൃതദേഹവുമായി കര്‍ഷകര്‍ പ്രതിഷേധം നടത്തുകയാണ്. ട്രാക്ടര്‍ മറിഞ്ഞാണ് കര്‍ഷകന്‍ മരിച്ചത് എന്നാണ് പൊലീസ് വാദം. 

ഡല്‍ഹി നഗരത്തിന്റെ പ്രധാന ഭാഗങ്ങള്‍ കീഴടക്കിയ പ്രക്ഷോഭകര്‍ രാജ്‌കോട്ട്, ചെങ്കോട്ട എന്നിവിടങ്ങള്‍ വളഞ്ഞു. ചെങ്കോട്ടയ്ക്ക് മുകളില്‍ കര്‍ഷക സംഘടനകളുടെ കൊടികള്‍ സ്ഥാപിച്ചു.

വ്യാപക സംഘര്‍ഷമാണ് ഡല്‍ഹി വീഥികളില്‍ പൊലീസും കര്‍ഷകരും തമ്മില്‍ നടന്നത്. അനുമതി നല്‍കിയ വഴികളില്‍ നിന്ന് വ്യത്യസ്തമായി മാര്‍ച്ച് നടത്തിയത് പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. സിംഘുവില്‍ നിന്ന് പുറപ്പെട്ട് ഗാസിപ്പൂര്‍ വഴിവന്ന സംഘമാണ് ആദ്യം ഡല്‍ഹിയില്‍ പ്രവേശിച്ചത്. ഇവരെ പൊലീസ് തടഞ്ഞു. ബാരിക്കേഡുകള്‍ മറിച്ചിട്ട് മുന്നോട്ടുനീങ്ങിയ കര്‍ഷകര്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തി, കണ്ണീര്‍ വാതകവും പ്രയോഗിച്ചു. 

ഐടിഒയിലെത്തിയ ട്രാക്ടറുകറുകളുടെ കാറ്റ് പൊലീസ് അഴിച്ചുവിട്ടു. ഇതില്‍ രോക്ഷം പൂണ്ട കര്‍ഷകര്‍ റോഡിന് കുറുകെയിട്ടിരുന്ന  ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകളും കണ്ടെയ്‌നറും മറിച്ചിട്ടു. ഇതിന് പിന്നാലെയാണ് ഇവര്‍ ചെങ്കോട്ടയിലേക്ക് എത്തിയത്. 

അതേസമയം, അക്രമം അഴിച്ചുവിട്ടവരെ തള്ളി സംയുക്ത സമരംസമിതി രംഗത്തെത്തി. തങ്ങള്‍ സമാധാനപരമായാണ് റാലി നടത്തുന്നതെന്നും. പൊലീസ് നല്‍കിയ റൂട്ട് സ്വീകാര്യമല്ലാത്തവരാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയതെന്നും ബികെയു നേതാാവ് രാകേഷ് തികായത് പറഞ്ഞു. 

വിലക്ക് ലംഘിച്ച് നഗരത്തിലേക്ക് കടന്നത് ബി കെ യു ഉഗ്രഹാന്‍, കിസാന്‍ മസ്ദൂര്‍ സംഘ് എന്നിവരാണ് എന്ന് സംയുക്ത സമരസമിതി പ്രസ്താവനയില്‍ വ്യക്തമാക്കി. ഡല്‍ഹി പൊലീസ് അനുവദിച്ച് നല്‍കിയ മൂന്നു റൂട്ടുകള്‍ അംഗീകരിക്കാത്ത ഇവര്‍ രാവിലെ എട്ടുമണിയോടെ ട്രാക്ടറുകളുമായി പുറപ്പെടുകയായിരുന്നു എന്ന് സംയുക്ത സമര സമിതി നേതാക്കള്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com