സമരക്കാര്‍ ത്രിവര്‍ണ പതാക വലിച്ചെറിഞ്ഞോ ? ; വീഡിയോ ഫോറന്‍സിക് പരിശോധനയ്ക്ക് ; ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണം

സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും ചെങ്കോട്ട പരിസരത്തും കടുത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്
കര്‍ഷകസമരക്കാര്‍ ചെങ്കോട്ടയില്‍ കൊടി നാട്ടുന്നു / പിടിഐ ചിത്രം
കര്‍ഷകസമരക്കാര്‍ ചെങ്കോട്ടയില്‍ കൊടി നാട്ടുന്നു / പിടിഐ ചിത്രം

ന്യൂഡല്‍ഹി : ട്രാക്ടര്‍റാലിയുമായി ബന്ധപ്പെട്ട് തലസ്ഥാനത്തുണ്ടായ സംഘര്‍ഷത്തില്‍ 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഡല്‍ഹി പൊലീസ് അറിയിച്ചു. അഞ്ച് എഫ്‌ഐആര്‍ ഈസ്റ്റേണ്‍ റേഞ്ചിലാണ് ഫയല്‍ ചെയ്തിട്ടുള്ളത്. ഇന്നലെ ഉണ്ടായ സംഘര്‍ഷത്തില്‍ 83 പൊലീസുകാര്‍ക്ക് പരിക്കേറ്റതായും ഡല്‍ഹി പൊലീസ് വ്യക്തമാക്കി. 

ചെങ്കോട്ടയില്‍ സിഖ് മതവിഭാഗക്കാരുടെ കൊടി നാട്ടിയ സംഭവത്തില്‍ ഇന്റലിജന്‍സ് ഏജന്‍സികളും ഡല്‍ഹി പൊലീസും അന്വേഷണം ആരംഭിച്ചു. ഒരു സമരക്കാരന്‍ ത്രിവര്‍ണപതാക തറയിലേക്ക് വലിച്ചെറിയുന്നതിന്റെ വീഡിയോയും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ ആധികാരികത പരിശോധിക്കാന്‍ ഫോറന്‍സിക് വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇന്നലെ ഉണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും ചെങ്കോട്ട പരിസരത്തും കടുത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ചെങ്കോട്ടയ്ക്ക് സമീപം അര്‍ധസൈനികരെ വിന്യസിച്ചിട്ടുണ്ട്. അതീവ സുരക്ഷാ മേഖലകളിലേക്ക് പ്രവേശനം തടഞ്ഞിരിക്കുകയാണ്. ചെങ്കോട്ടയില്‍ അതിക്രമിച്ചു കയറിയവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാനാണ് പൊലീസിന്റെ തീരുമാനം.

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി സംഘര്‍ഷത്തിലേക്ക് വഴി മാറിയതിന് കാരണം ഡല്‍ഹി പൊലീസാണെന്ന ആരോപണവുമായി കര്‍ഷക സംഘടനകള്‍ രംഗത്തെത്തി. ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ ആള്‍ക്ക് കര്‍ഷകരുമായി ബന്ധമില്ലെന്നും സംഘടനകള്‍ പറഞ്ഞു. ബാഹ്യ ശക്തികളും സാമൂഹ്യ വിരുദ്ധരുമാണ് അക്രമം അഴിച്ചു വിട്ടതെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ഇന്നലെ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു.

ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ കൊടി കെട്ടിയ സംഭവത്തിന് പിന്നില്‍ ദീപ് സിദ്ദുവെന്ന് ആരോപണമുണ്ട്. പഞ്ചാബി നടനും പൊതു പ്രവര്‍ത്തകനുമായ ദീപ് സിദ്ദുവാണ് കര്‍ഷകരെ ചെങ്കോട്ടയിലേക്ക് മാര്‍ച്ച് ചെയ്യാനും കൊടി കെട്ടാനും പ്രേരിപ്പിച്ചതെന്ന് കര്‍ഷക സംഘടനകള്‍ ആരോപിച്ചു. ചെങ്കോട്ടയിലെ ഇന്ത്യന്‍ പതാക നശിപ്പിച്ചിട്ടില്ലെന്നും, ജനാധിപത്യപരമായ അവകാശത്തിന്റെ ഭാഗമായി തങ്ങളുടെ കൊടി ചെങ്കോട്ടയില്‍ ഉയര്‍ത്തിയതായും ദീപ് സിദ്ദു പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ അഭിപ്രായപ്പെട്ടിരുന്നു. കർഷകസമരവുമായി ബന്ധപ്പെട്ട ഭാവി പരിപാടികൾ ചർച്ച ചെയ്യാൻ സംഘടനകൾ ഇന്ന് യോഗം ചേരും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com