പോക്‌സോ കേസിലെ വിവാദ വിധി : ജഡ്ജിക്കെതിരെ നടപടി ; ജസ്റ്റിസ് പുഷ്പയെ സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശ പിന്‍വലിച്ചു;  സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

ശരീരത്തിൽ കയറിപ്പിടിച്ചാലും പോക്സോ ചുമത്താനാകില്ലെന്ന വിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും
ജസ്റ്റിസ് പുഷ്പ ഗനേഡിവാല/ ഫയല്‍ ചിത്രം
ജസ്റ്റിസ് പുഷ്പ ഗനേഡിവാല/ ഫയല്‍ ചിത്രം

മുംബൈ: വസ്ത്രത്തിന് മുകളിലൂടെ മാറിടത്തില്‍ പിടിച്ചത് ലൈംഗിക ആക്രമണമല്ലെന്ന, പോക്‌സോ കേസ് പരിഗണിക്കുന്നതിനിടെ വിവാദ വിധി പുറപ്പെടുവിച്ച ജഡ്ജിക്കെതിരെ നടപടി. ബോംബെ ഹൈക്കോടതി നാഗ്പൂര്‍ ബെഞ്ചിലെ അഡീഷണല്‍ ജഡ്ജിയായ പുഷ്പ വി. ഗനേഡിവാലയെ സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശ സുപ്രീംകോടതി കൊളീജിയം പിന്‍വലിച്ചു. ജസ്റ്റിസ് പുഷ്പയെ ബോംബൈ ഹൈക്കോടതി ജഡ്ജിയായി സ്ഥിരപ്പെടുത്താനായിരുന്നു ജനുവരി 20 ന് കൊളിജിയം ശുപാര്‍ശ ചെയ്തത്.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജഡ്ജിമാരായ എന്‍ വി രമണ, റോഹിങ്ടണ്‍ നരിമാന്‍ എന്നിവരടങ്ങിയെ കൊളിജിയം സമിതിയാണ് കേന്ദ്രസര്‍ക്കാരിന് നല്‍കിയ ശുപാര്‍ശ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, എ എം ഖാന്‍വില്‍ക്കര്‍ ( ഇരുവരും മഹാരാഷ്ട്രയില്‍ നിന്നുള്ളവരാണ്) എന്നിവര്‍ തുടര്‍ച്ചയായുള്ള വിവാദ വിധിയുടെ പശ്ചാത്തലത്തില്‍, ജസ്റ്റിസ് പുഷ്പയെ സ്ഥിരപ്പെടുത്താനുള്ള തീരുമാനത്തില്‍ കൊളിജിയത്തെ അതൃപ്തി അറിയിച്ചിരുന്നു. 

ജസ്റ്റിസ് പുഷ്പ ഗനേഡിവാല ഒരാഴ്ചയ്ക്കിടെ വ്യത്യസ്ത പോക്‌സോ കേസുകളിലായി മൂന്നുപ്രതികളെയാണ് വെറുതെ വിട്ടത്. ബലാല്‍സംഗക്കേസ് പരിഗണിക്കുന്നതിനിടെ, പെണ്‍കുട്ടിയുടെ വായ പൊത്തിപ്പിടിച്ച് രണ്ടുപേരുടെയും വസ്ത്രം അഴിച്ച് ബലംപ്രയോഗിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന വാദം വിശ്വസിക്കാനാവില്ലെന്ന് ജസ്റ്റിസ് പുഷ്പ വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു.

രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി തന്റെ മകളെ ബലാത്സംഗം ചെയതെന്ന അമ്മയുടെ പരാതിയില്‍ പ്രതിയെ വിചാരണക്കോടതി പത്തു വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു. ഇതിനെതിരായ അപ്പീല്‍ ആണ് ഹൈക്കോടതി പരിഗണിച്ചത്. അമ്മ പ്രാഥമിക ആവശ്യം നിര്‍വഹിക്കാനായി പുറത്തുപോയ സമയത്ത് അയല്‍വാസിയായ പ്രതി വീട്ടില്‍ കയറിവന്ന് ആക്രമിച്ചതെന്നായിരുന്നു പരാതി. ഇത് അവിശ്വസനീയമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. 

പ്രായപൂര്‍ത്തായാവാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ വസ്ത്രം മാറ്റാതെ സ്പര്‍ശിക്കുന്നത് പോക്‌സോ നിയമപ്രകാരം ലൈംഗിക കുറ്റമല്ലെന്ന ജസ്റ്റിസ് പുഷ്പയുടെ വിധി വലിയ വിവാദമായിരുന്നു. ഈ വിധി അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ മുന്നില്‍ മെന്‍ഷന്‍ ചെയ്യുകയും അതിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി സ്റ്റേ ചെയ്യുകയും ചെയ്തു.

ശരീരത്തിൽ കയറിപ്പിടിച്ചാലും പോക്സോ ചുമത്താനാകില്ലെന്ന ബോംബെ ഹൈക്കോടതി ജഡ്ജി  പുഷ്പ ഗനേഡിവാലയുടെ വിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും. അഡ്വക്കേറ്റ് ജനറല്‍ അശുതോഷ് കുംഭകോണിയാണ് ബോംബെ ഹൈക്കോടതി നാ​ഗ്പൂർ ബെഞ്ചിന്റെ വിധിക്കെതിരെ സുപ്രീംകോടതിയിൽ ഇന്ന് അപ്പീല്‍ ഫയല്‍ ചെയ്യുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com