ഡല്‍ഹി സ്‌ഫോടനം : ഇറാന്‍ സംഘടനകളുടെ പങ്ക് അന്വേഷിക്കുന്നു, മൊസാദിന്റെ സഹായം തേടി ; രണ്ടു പേര്‍ വരുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു

'ഇസ്രായേല്‍ അംബാസിഡര്‍'ക്കുള്ളത് എന്ന് അഭിസംബോധന ചെയ്തുള്ള കത്തില്‍ സ്‌ഫോടനം ട്രെയിലര്‍ മാത്രമാണെന്ന് പറയുന്നു
സ്‌ഫോടനസ്ഥലത്ത് പൊലീസ് പരിശോധന / ചിത്രം : പര്‍വീണ്‍ നേഗി ( ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്)
സ്‌ഫോടനസ്ഥലത്ത് പൊലീസ് പരിശോധന / ചിത്രം : പര്‍വീണ്‍ നേഗി ( ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്)


ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്കു സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇറാന്‍ സംഘടനകളുടെ പങ്ക് പൊലീസ് പരിശോധിക്കുന്നു. ശീതളപാനിയ കുപ്പിയില്‍ സ്‌ഫോടകവസ്തുവും ബോള്‍ ബെയറിങ്ങും നിറച്ചാണ് സ്‌ഫോടനം നടത്തിയതെന്നാണ് അനുമാനം. അതിനിടെ സ്‌ഫോടനം നടന്ന സ്ഥലത്തേക്ക് രണ്ടുപേര്‍ വരുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. 

ഇവര്‍ വാഹനത്തില്‍ വന്നിറങ്ങുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ടാക്‌സി കാറിനെയും ഡ്രൈവറെയും തിരിച്ചറിഞ്ഞു. ഡ്രൈവറുടെ സഹായത്തോടെ അക്രമികളുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കുകയാണ്. ഇസ്രയേല്‍ അംബാസിഡര്‍ക്കുള്ള കത്തും സ്‌ഫോടനസ്ഥലത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. 

'ഇസ്രായേല്‍ അംബാസിഡര്‍'ക്കുള്ളത് എന്ന് അഭിസംബോധന ചെയ്തുള്ള കത്തില്‍ സ്‌ഫോടനം ട്രെയിലര്‍ മാത്രമാണെന്ന് പറയുന്നു. അതോടൊപ്പം 2020 ജനുവരിയില്‍ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ ജനറല്‍ ക്വാസിം സുലൈമാനി, നവംബറില്‍ കൊല്ലപ്പെട്ട ആണവ ശാസ്ത്രഞ്ജന്‍ മൊഹസെന്‍ ഫക്രിസാദ എന്നിവരെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.

തീവ്രത കുറഞ്ഞ ഐഇഡി ഉപയോഗിച്ചതിനാല്‍ ശ്രദ്ധ ആകര്‍ഷിക്കാനുള്ള ശ്രമം ആണെന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍. ബോള്‍ ബെയറിങ് ചിതറി തെറിച്ചായിരുന്നു കാറിന്റെ ചില്ലുകള്‍ തകര്‍ന്നത്. സ്‌ഫോടനത്തില്‍ ആളപായമില്ല. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം സ്‌ഫോടനമുണ്ടായത്. 

അന്വേഷണത്തിന് ഇന്ത്യ ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ സഹായം തേടി. സ്‌ഫോടനം സംബന്ധിച്ചുളള വിവരങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിവരം കൈമാറിയിട്ടുണ്ട്. വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന മേഖലകളിലെല്ലാം സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com