ഒരു വാക്‌സിന്‍ കൂടി; സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ  'കോവോവാക്സ്' ജൂണില്‍ വിപണിയില്‍ എത്തിയേക്കും

രാജ്യത്ത് ഒരു കോവിഡ് വാക്‌സിന് കൂടി അനുമതി ലഭിച്ചേക്കും.
കോവിഡ് വാക്സിൻ കുത്തിവയ്പ്പ്/ ഫയൽ ചിത്രം
കോവിഡ് വാക്സിൻ കുത്തിവയ്പ്പ്/ ഫയൽ ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് ഒരു കോവിഡ് വാക്‌സിന് കൂടി അനുമതി ലഭിച്ചേക്കും. അമേരിക്കന്‍ കമ്പനി നോവാവാക്‌സുമായി ചേര്‍ന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വികസിപ്പിക്കുന്ന കോവിഡ് വാക്സിന്‍ 'കോവോവാക്സ്' ജൂണില്‍ വിപണിയിലെത്തിയേക്കും. വാക്സിന്‍ ഈ വര്‍ഷം ജൂണില്‍ പുറത്തിറക്കാന്‍ സാധിച്ചേക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ അദര്‍ പൂനാവാല പ്രത്യാശ പ്രകടിപ്പിച്ചു. നോവാവാക്‌സിന്റെ കോവിഡ് വാക്സിന്‍ അമേരിക്കയില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ 89.3 ശതമാനം ഫലപ്രാപ്തി കാണിച്ചിരുന്നു. 

വാക്സിന്റെ ഇന്ത്യയിലെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അപേക്ഷ നല്‍കിയിരുന്നു. നോവാവാക്‌സുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന കോവിഡ് വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ മികച്ച ഫലപ്രാപ്തി കാണിച്ചുവെന്നും ഇന്ത്യയില്‍ പരീക്ഷണങ്ങള്‍ ആരംഭിക്കുന്നതിനായി അപേക്ഷിച്ചുവെന്നും അദര്‍ പൂനാവാല ട്വിറ്ററില്‍ കുറിച്ചു. 2021 ജൂണ്‍ മാസത്തോടെ കോവോവാക്സ് പുറത്തിറക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. 

ജനുവരി 16 മുതല്‍ രാജ്യത്ത് കോവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പ് ആരംഭിച്ചിരുന്നു. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്സിന്‍ എന്നിവയ്ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com