രാജീവ് ഗാന്ധി വധക്കേസ് : പ്രതികളെ വിട്ടയക്കുന്നതില്‍ നിര്‍ണായക തീരുമാനം ഇന്നുണ്ടായേക്കും

ഏഴുപ്രതികളെയും വിട്ടയക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ 2018 ല്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തിരുന്നു
രാജീവ് ​ഗാന്ധി / ഫയൽ ചിത്രം
രാജീവ് ​ഗാന്ധി / ഫയൽ ചിത്രം

ചെന്നൈ : രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കുന്നതില്‍ നിര്‍ണായക തീരുമാനം ഇന്നുണ്ടാകും. തീരുമാനം എടുക്കാന്‍ സുപ്രീംകോടതി തമിഴ്‌നാട് ഗവര്‍ണര്‍ക്ക് അനുവദിച്ച സമയപരിധി ഇന്നലെ അവസാനിച്ചു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഇന്നലെ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഏഴു പ്രതികളാണ് ജയിലില്‍ കഴിയുന്നത്. കേസിലെ ഏഴുപ്രതികളെയും വിട്ടയക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ 2018 ല്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തിരുന്നു. 

എന്നാല്‍ ശുപാര്‍ശയില്‍ ഗവര്‍ണര്‍ തീരുമാനമെടുത്തില്ല. ഇതേത്തുടര്‍ന്ന് പ്രതികളുടെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി. തുടര്‍ന്ന് അവര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. 

ഇക്കാര്യത്തില്‍ തങ്ങളുടെ അധികാരപരിധി വിനിയോഗിക്കാന്‍ ഇപ്പോള്‍ തയ്യാറാകുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, സര്‍ക്കാര്‍ ശുപാര്‍ശ, തീരുമാനമെടുക്കാതെ രണ്ടു വര്‍ഷത്തോളം വെച്ചു താമസിപ്പിച്ചതില്‍ അസന്തുഷ്ടി പ്രകടിപ്പിച്ചു. 

തുടര്‍ന്ന് ഇക്കാര്യത്തില്‍ ഗവര്‍ണര്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു. ജസ്റ്റിസുമാരായ എല്‍ നാഗേശ്വരറാവു, ഹേമന്ദ് ഗുപ്ത, അജയ് റസ്തഗി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com